മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രീമിയർ ലീഗ് ക്ലബ് ചെല്‍സി ഉടമ റൊമാൻ അബ്രമോവിച്ചിന്‍റെ മുഴുവന്‍ സ്വത്തുക്കളും മരവിപ്പിക്കാന്‍ ബ്രിട്ടന്‍ സര്‍ക്കാര്‍. അബ്രമോവിച്ചിന് ബ്രിട്ടിനിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബ്രിട്ടീഷ് പൗരന്‍മാരുമായി ഇടപാടുകളോ വ്യാപാരമോ നടത്തുന്നതിനും ബ്രിട്ടന്‍ നിരോധനം ഏര്‍പ്പെടുത്തി.
ചെല്‍സിയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെങ്കിലും ടീം നിരീക്ഷണത്തിലായിരിക്കുമെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി. അബ്രമോവിച്ചിന് പുറമെ, റഷ്യന്‍ കോടീശ്വരന്‍മാരായാ ഒലേഗ് ഡെറിപാസ്കാ, റോസ്നെഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഇഗോര്‍ സെച്ചിന്‍ എന്നിവരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കുകയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വിലക്ക് മുന്നില്‍ കണ്ട് ചെല്‍സിയുടെ നടത്തിപ്പ് അവകാശം അബ്രമോവിച്ച് കഴിഞ്ഞ മാസം ക്ലബിന്‍റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറിയിരുന്നു. ചെല്‍സി വില്‍ക്കാന്‍ തയ്യാറാണെന്നും ക്ലബ്ബ് വിറ്റു കിട്ടുന്ന തുക യുദ്ധക്കെടുതി അനുഭവിക്കുന്ന ഉക്രൈന് നല്‍കുമെന്നും അബ്രമോവിച്ച് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തി യാത്ര പറയുമെന്നും അബ്രമോവിച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Read Also:- മെസിയെ പോലെ ഒരാളെക്കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നത് നാണക്കേടാണ്: ജറോം റോട്ടന്‍
എന്നാല്‍, ബ്രിട്ടന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ക്ലബ്ബ് വിറ്റാലും അബ്രമോവിച്ചിന് ബ്രിട്ടനില്‍ എത്താനാവില്ല. ചെല്‍സിയെ സ്വന്തമാക്കാന്‍ സ്വിസ് വ്യവസായ ഭീമന്‍മാരായ ഹന്‍സോര്‍ഗ് വൈസ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Post Your Comments