ആര്‍ത്തവനാളുകളില്‍ അമിത രക്തസ്രാവത്തിന്റെ പ്രശ്നങ്ങൾ നേരിടുന്നതിനെക്കുറിച്ചും ഗര്‍ഭപാത്രത്തെ കരുതലോടെ ചേര്‍ത്ത് പിടിച്ച് ആര്‍ത്തവ നാളുകളെ സുഗമമാകുന്ന മെറിന എന്ന IUD (Intra Uterine Device) സങ്കേതത്തെക്കുറിച്ചും പവിത്ര ഉണ്ണി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. രക്തസ്രാവം അമിതമായാൽ പിന്നെ ഉള്ള വഴി ഗർഭപാത്രം നീക്കം ചെയ്യുക എന്നതാണ്. അതൊരു മേജർ സർജറി ആയതിനാലും ഗർഭപാത്രത്തിന് സ്ത്രീ ശരീരത്തിന്റെ ഹോർമോൺ ബാലൻസിംഗിൽ പ്രധാന പങ്ക് ഉള്ളതിനാലും ആ വഴിയിലേക്ക് എത്താതിരിക്കാൻ മെറിന സഹായിക്കുമെന്നും യുവതിയുടെ പോസ്റ്റിൽ പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
ചോര കൊണ്ടെഴുതിയ ജീവിതം: ഞാനും എന്റെ ഗർഭപാത്രവും!
എട്ടാം ക്ലാസ് കഴിഞ്ഞുള്ള വേനലവധിക്കാലത്ത് എന്റെ കൂടെ കൂടിയ ആളാണ് ആർത്തവം. ഗർഭകാലത്തും(സ്വാഭാവികം!) പ്രസവശേഷമുള്ള 6-7 മാസങ്ങളിലും ഒഴികെ ഒരു മാസം പോലും ഈ കക്ഷി എന്നെ പിരിഞ്ഞിരുന്നിട്ടില്ല. അത്രയ്ക്ക് സ്നേഹമായിരുന്നു എന്നോട്. സ്നേഹം ഇല്ലാതിരിക്കുമോ? എന്റെ രക്തം ഊറ്റിക്കുടിക്കുന്ന നന്ദി കാണുമല്ലോ!
അങ്ങനെ എല്ലാ മാസവും ബാക്കി എല്ലാ കുണ്ടാമണ്ടികൾക്കും ഒപ്പം വൻ രക്തചൊരിച്ചിലുമായി ആർത്തവം എന്നെ തേടി വന്നു. അമിത രക്‌തസ്രാവം എനിക്ക് അമ്മ വഴിക്ക് കിട്ടിയ സമ്മാനം ആയതിനാൽ അതിനോടൊപ്പം ജീവിക്കാൻ പഠിച്ചു. പേറ്റിന്റിടയ്ക്ക് തീണ്ടാരി എന്ന കണക്ക് എല്ലാ തിരക്കുകളിലും ഈ രക്ത സാന്നിധ്യം ഉണ്ടായിരുന്നു. കല്യാണദിവസം നേരത്തെ തന്നെ ഉപവിഷ്ടനായി തന്റെ ആത്മാർത്ഥത തെളിയിച്ച കക്ഷിയാണ്! പിന്നെ അങ്ങോട്ട് പല ഘട്ടങ്ങളിലും ഈ അമിത രക്തസ്രാവം എന്നെ ഭ്രാന്ത് പിടിപ്പിച്ചിട്ടുണ്ട്. പ്രസവശേഷമാണ് ഇത് കൂടുതൽ മാരകമായ അവസ്ഥയിൽ എത്തിയത്. (ഞാൻ ആദ്യ പ്രസവത്തിൽ മരിച്ചു ജീവിച്ചു വന്നയാളാണ്? അത് പിന്നെ ഒരിക്കൽ എഴുതാം)
മക്കൾ പനി പിടിച്ചു ആശുപത്രിയിൽ അഡ്മിറ്റ് ആയതെല്ലാം എന്റെ ആർത്തവ ദിനങ്ങളിൽ ആയിരുന്നു. കുട്ടികളെ നോക്കണം, ഒപ്പം ഇടയ്ക്കിടയ്ക്ക് പാഡ് മാറ്റണം. ആഹാ എന്തൊരു സുഖം. ഞാൻ എങ്ങനെ ആ കാലഘട്ടം ഒക്കെ കടന്നു വന്നു എന്ന് എന്നോട് ചോദിക്കരുത്. മറക്കാൻ ശ്രമിക്കുകയാണ്, ഓർമിപ്പിക്കരുത്! ഒരിക്കൽ മകൻ പനി പിടിച്ചു അഡ്മിറ്റ് ആകുന്നതിന് മുൻപ് ഡ്രിപ് ഇടാൻ കാനുല ഇടീക്കാൻ നഴ്സസ് റൂമിൽ കൊണ്ടു പോയി. കുഞ്ഞു കുട്ടികൾക്ക് കാനുല ഇടുക എന്നത് എത്ര എളുപ്പമാണെന്ന് അനുഭവിച്ചവർക്ക് അറിയാം. ആ ടെൻഷൻ എല്ലാം കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ ഒരു മലവെള്ളപ്പാച്ചിൽ എനിക്ക് അനുഭവപ്പെട്ടു. നമ്മൾ ടെൻഷൻ അടിച്ചാൽ ഗർഭപാത്രവും ടെൻഷൻ ആകുമെന്ന് അന്നാണ് മനസിലായത്-ബാത്‌റൂമിൽ രക്തക്കളം!
പിന്നീടൊരിക്കൽ ദോഹയിൽ മകൾ ഹോസ്പിറ്റലിൽ ആയ സമയം. ഡ്രിപ് ഇട്ടിട്ടുണ്ട്. ഭർത്താവിന് രാത്രി ഡ്യൂട്ടിക്ക് പോകണം. പെട്ടെന്ന് ഡ്യൂട്ടി മാറ്റാൻ സാധിക്കില്ല. ഞാനും പിള്ളേരും മാത്രം റൂമിൽ. എന്നത്തേയും പോലെ എനിക്ക് പീരിയഡ്‌സ് ആണ്. മോളുടെ കൈ ശ്രദ്ധിക്കേണ്ടത് കൊണ്ടു ഞാൻ അവളുടെ അരികിൽ തന്നെ കിടക്കുകയാണ്. അതിരാവിലെ എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. മകൻ ഉണർന്നപ്പോൾ എന്നെ തട്ടി വിളിച്ചു പറഞ്ഞു-ബെഡിൽ ബ്ലഡ്! ഞാൻ നോക്കുമ്പോൾ ബെഡിൽ മൊത്തം ചോര! എന്റെ ബ്ലീഡിങ് ആവുമെന്ന് കരുതി ചാടി എണീറ്റപ്പോൾ മോളുടെ കൈ മാറിയപ്പോൾ കാനുല ഇളകി ബ്ലഡ് തിരിച്ചു വന്നതാണ് എന്ന് കണ്ടു. ഉടനെ നഴ്സിനെ വിളിച്ചു. അങ്ങനെ എവിടെ രക്തം കണ്ടാലും എന്റെ ഗർഭപാത്രത്തെ സംശയിക്കേണ്ട കാലമായിരുന്നു.
ഡോക്ടറെ കാണലും സ്കാനും ഒക്കെ മുറ പോലെ നടന്നു. മുഴകളൊന്നും കണ്ടെത്തിയില്ല. ഗർഭപാത്ര ലൈനിങ് (endometrium) കട്ടി കൂടുന്ന ഒരസുഖമാണ്. Adenomyosis എന്ന് പറയും. പാരമ്പര്യമാകാം. ബ്ലീഡിങ് കുറയാനുള്ള മരുന്നിലും അയൺ ടാബ്‌ലെറ്റിലുമായി പിന്നെ ജീവിതം. എന്നാലും എല്ലാ മാസവും അമിതമായി രക്തം നഷ്ടപ്പെട്ട് അനീമിക് ആയിക്കൊണ്ടിരുന്നു. അപ്പോഴാണ് ഞാൻ ഒരു പുതിയ സാധനം കണ്ടെത്തിയത്.
കൊച്ചിയിൽ വച്ചും ഗൈനക്കോളജിസ്റ്റ് ഈ സജഷൻ പറഞ്ഞിരുന്നു. ഹോർമോൺ വച്ചുള്ള കളിയായതിനാൽ ഞാൻ മടിച്ചു. ദോഹയിൽ ഇതിനായി ഒരു സ്പെഷലിസ്റ്റ് ഡോക്ടർ ഉണ്ടെന്ന് മനസിലാക്കിയത് അപ്പോഴാണ്. അങ്ങനെ ഒടുവിൽ കേസ് ഡോക്ടർ നൗഷീൻ മിർ എന്ന കാശ്മീരി ഡോക്ടറുടെ ടേബിളിൽ എത്തി. സ്കാനും ബയോപ്‌സിയും കഴിഞ്ഞു ഒരു പടയാളിയെ എന്റെ ഗർഭപത്രത്തിലേക്ക് പറഞ്ഞു വിട്ടു-മെറിന എന്ന IUD(Intra Uterine Device) നെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
എന്നാലും എന്റെ പൊന്നു മെറിന! എവിടെയായിരുന്നു ഇത്ര കാലം! മെറിന ഇട്ട ദിവസം അടിവയറ്റിൽ മഞ്ഞ് വീണ പോലൊരു സുഖമായിരുന്നു. ആരോ എന്റെ ഗർഭപാത്രത്തെ കരുതലോടെ ചേർത്ത് പിടിക്കുന്ന പോലുള്ള ഒരു അനുഭൂതി. മൂന്ന് സൈക്കിളുകൾ കഴിഞ്ഞിരിക്കുന്നു മെറിനയോടൊപ്പം. ഇപ്പൊ ശരിയാക്കിത്തരാം ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറയുന്ന ശീലമൊന്നും മെറിനയ്ക്ക് ഇല്ല. എപ്പോ ശരിയാക്കി എന്ന് ചോദിച്ചാൽ മതി. ഇപ്പോൾ ബ്ലീഡിങ് 10ൽ 1 ആയി കുറഞ്ഞു! സ്കാൻ ചെയ്തപ്പോൾ എൻഡോമെട്രിയം തിക്നെസ് വളരെ കുറഞ്ഞിരിക്കുന്നു. ഗർഭപാത്ര ലൈനിങ് കനം കുറഞ്ഞത് കൊണ്ടു ബ്ലീഡിംഗും കുറഞ്ഞു.
ഇതിന്റെ ശാസ്ത്രീയ വശം ഇങ്ങനെയാണ്: ഗർഭ പാത്ര ലൈനിങ് കട്ടിയാണെങ്കിൽ ഓരോ സൈക്കിളിലും പുറംതള്ളേണ്ട രക്തത്തിന്റെ അളവ് കൂടുതൽ ആയിരിക്കും. അപ്പോൾ കനത്ത ബ്ലീഡിങ് ആവും ഫലം. മെറിന ഒരു ഗർഭ നിരോധന മാർഗമാണ്. കോപ്പർ ടി പോലെ ഉള്ളത്. അത് കുറച്ച് കുറച്ചായി റിലീസ് ചെയ്യുന്ന ഹോർമോൺ ഗർഭപാത്ര ലൈനിങ്ങിന്റെ കനം കുറയ്ക്കുന്നു. ഭ്രൂണത്തിന് പറ്റിപ്പിടിക്കാൻ ഉള്ള സാഹചര്യം ഇല്ലാതെ ആക്കുക എന്നതാണ് ഉദ്ദേശം. പക്ഷെ അമിത രക്തസ്രാവം ഉള്ളവരിൽ ഈ ഉദ്ദേശം കൊണ്ടു ബ്ലീഡിങ് കുറയുന്നു എന്ന് കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് അമിത രക്തസ്രാവത്തിന് മെറിന ഉപയോഗിച്ച് തുടങ്ങിയത്.
എന്തായാലും ഞാൻ ഈ അടുത്ത് ചെയ്ത നല്ലൊരു ഇൻവെസ്റ്റ്മെന്റ് ആണിത്. ആരോഗ്യമാണല്ലോ ഏറ്റവും വിലപിടിപ്പുള്ള ധനം. ഇന്ത്യയിൽ 5000 രൂപ മുതൽ 10000 രൂപ വരെ ചിലവ് വരും ഈ ചികിത്സയ്ക്ക്(സ്കാൻ, മറ്റു പരിശോധനകൾ ഉൾപ്പെടെ). ദോഹയിൽ കുറച്ച് കൂടി ചെലവ് വന്നു. 5 വർഷമാണ് ഇതിന്റെ കാലാവധി. അതിന് മുൻപ് വേണമെങ്കിൽ നീക്കം ചെയ്യാം.
രക്തസ്രാവം അമിതമായാൽ പിന്നെ ഉള്ള വഴി ഗർഭപാത്രം നീക്കം ചെയ്യുക എന്നതാണ്. അതൊരു മേജർ സർജറി ആയതിനാലും ഗർഭപാത്രത്തിന് സ്ത്രീ ശരീരത്തിന്റെ ഹോർമോൺ ബാലൻസിംഗിൽ പ്രധാന പങ്ക് ഉള്ളതിനാലും ആ വഴിയിലേക്ക് എത്താതിരിക്കാൻ ശ്രമിക്കാം. മെറിന ഞാൻ പൂർണ തൃപ്തിയോടെ റെക്കമെന്റ് ചെയ്യും. ബ്ലീഡിങ് കുറഞ്ഞത് കൊണ്ടു മറ്റു ബുദ്ധിമുട്ടുകളിലും (വേദന……നീണ്ട ലിസ്റ്റാണ്!) ആശ്വാസമുണ്ട്.
ഈ ബ്ലോഗ് വായിക്കുന്ന സ്ത്രീകളോട്: ചുവർ ഉണ്ടെങ്കിലേ ചിത്രം എഴുതാൻ പറ്റൂ. നിങ്ങളുടെ ഡോക്ടറുടെ നിർദേശം അനുസരിച്ച് വേണ്ട ചികിത്സകൾ വേണ്ട സമയത്ത് എടുക്കൂ. നിങ്ങളെക്കുറിച്ച് നിങ്ങൾ എങ്കിലും ചിന്തിക്കണ്ടേ?
©പവിത്ര ഉണ്ണി
Post Your Comments