Latest NewsKeralaIndia

യാതൊരു കുഴപ്പവുമില്ലാതെ മഠത്തിൽ ചേരുന്ന കന്യാസ്ത്രീകളെല്ലാം മനോരോഗികളാകുന്നതെങ്ങനെ? ആരോപണങ്ങൾ ഒന്നല്ല! -അഞ്ജു പാർവതി

പൗരോഹിത്യത്തിന്‍റെ ശുഭ്ര വസ്ത്രമണിഞ്ഞ കാമഭ്രാന്തനായ ഒരുപാടൊരുപാട് ചെന്നായകൾ അരമനകളിൽ ഇനിയും ഇടയന്മാരായി തുടരും

അഞ്ജു പാർവതി പ്രഭീഷ്

കോടതികൾ പോലും ഇരയ്ക്ക് നേരെ കണ്ണടയ്ക്കുന്ന നാട്ടിൽ എന്ത് സ്ത്രീ സുരക്ഷ ? രാജ്യത്താദ്യമായി ഒരു കന്യാസ്ത്രീ സ്വന്തം സഭയിലെ ബിഷപ്പിനെതിരെ നൽകിയ പീഡനകേസിലെ വിധി രാവിലെ വന്നപ്പോൾ നീതി ദേവതയുടെ മുടിക്കെട്ടിയ കണ്ണുകൾ ഇരയ്ക്ക് നേരെ മാത്രം കണ്ണടയ്ക്കുന്നതായി തോന്നി. ഒരൊറ്റ സാക്ഷികളും കൂറ് മാറാതെ ഇരയ്ക്കൊപ്പം നിന്നിട്ടും ഫ്രാങ്കോയെ വെറുതെ വിട്ടെങ്കിൽ ഊഹിക്കാവുന്നതേയുള്ളൂ ഇവിടുത്തെ നീതിന്യായവ്യവസ്ഥിതിയിലെ പാളിച്ച .

2014നും 2016നും ഇടയിൽ കുറവിലങ്ങാട് നാടുകുന്ന് മഠത്തിൽ വച്ച് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്.
2017 ജൂൺ 27ന് കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസിൽ പരാതി നല്കിയെങ്കിലും മൊഴി എടുക്കാൻ പോലും അവർ തയ്യാറായില്ല എന്നത് ഇവിടുത്തെ ഫേക്ക് നീതിനിർവ്വഹണത്തിന്റെ ഉദാഹരണം. ഇതിനെതിരെ കന്യാസ്ത്രീകൾ പരസ്യമായി രംഗത്തെത്തിയതോടെയാണ് ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതും 2018 സെപ്തംബർ 21ന് അറസ്റ്റ് ചെയ്തതും.25 ദിവസം ഫ്രാങ്കോ റിമാൻഡിൽ കഴിഞ്ഞു. ഇന്ന് കുറ്റവിമുക്തനാക്കപ്പെട്ടുവെന്ന വിധിയും വന്നു. വിധി വന്ന് അല്പനേരത്തിനുള്ളിൽ തന്നെ വിധിയെ അനുകൂലിച്ച് അച്ചടിച്ച പത്രപ്രസ്താവന വിതരണം ചെയ്യുകയും ചെയ്തു.

കര്‍ത്താവിന്‍റെ മണവാട്ടികളില്‍ പലര്‍ക്കും മണവാളന്‍റെ രഹസ്യ വരവിനു മുന്നേ തന്നെ തങ്ങളുടെ കന്യകാത്വം കര്‍ത്താവിന്‍റെ പ്രതിപുരുഷന്മാര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ടിവരുന്നുവെന്ന സത്യം സമൂഹത്തിനു മുന്നില്‍ ഉറക്കെ വിളിച്ചു പറഞ്ഞത് മറ്റാരും തന്നെയല്ല മറിച്ചൊരു കന്യാസ്ത്രീ തന്നെയായിരുന്നു .സിസ്റ്റര്‍ ജെസ്മി .അവരുടെ ആമേന്‍ എന്ന പുസ്തകത്തില്‍ അക്കമിട്ടു വിവരിക്കുന്നുണ്ട് പീഡനത്തിന്റെ പരി(അവി)ശുദ്ധ കഥകള്‍ . അരമനകളുടെയും കന്യാസ്ത്രീ മOങ്ങളുടെയും ചുവരുകള്‍കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന അവിഹിത ബന്ധങ്ങള്‍ പലതും പിന്നീട് സിസ്റ്റർ ലൂസിയിലൂടെയും നമ്മൾ അറിഞ്ഞു.

പള്ളിമേടകളിലെ അവിശുദ്ധ ബന്ധം മലയാളി മനസ്സില്‍ ഇടം പിടിച്ചു തുടങ്ങിയത് സിസ്റ്റര്‍ അഭയയുടെ മരണത്തോടെയായിരുന്നു .പള്ളിമേടകളില്‍ നിന്നും മരണത്തിന്‍റെ കറുത്ത നിഴലുകള്‍ പിന്നെയും കേരളം കണ്ടു .വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ മരിയയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും നിരവധി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പാലാ ലിസ്യൂ കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകത്തിലും സഭയുടെ നിലപാട് ഏവരെയും അത്ഭുതപ്പെടുത്തി .

കത്തോലിക്കാ സഭാനേതൃത്വം കന്യാസ്ത്രീകളെ ഭ്രാന്തിനുള്ള മരുന്നു കഴിപ്പിക്കുന്നുവെന്നുള്ള സിസ്റ്റർ മേരി സെബാസ്റ്റിയന്റെ വെളിപ്പെടുത്തൽ സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതും അതീവ ഗുരുതരമായ കുറ്റകൃത്യവുമാണ്. അതിനെതിരെ എന്ത് നടപടിയാണ് നമ്മുടെ സര്‍ക്കാര്‍ നടത്തിയത് ?? അടുത്ത കാലത്തായി ദൂരുഹ സാഹചര്യത്തിൽ മരിച്ച നിരവധി കന്യാസ്ത്രീകളാണുള്ളത്. ഇതു സംബന്ധിച്ച അന്വേഷണമെല്ലാം പ്രഹസനമായിമാറിയിരിക്കുന്നു. ദൂരൂഹ സാഹചര്യത്തിൽ മരിച്ചതും മഠംവിട്ടുപുറത്തുപോന്നിട്ടുള്ളതുമായ കന്യാസ്ത്രീകൾ മാനസീകരോഗിളായിരുന്നുവെന്ന് സഭാ നേതൃത്വം തന്നെ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു കുഴപ്പവുമില്ലാതെ മഠത്തിൽ ചേരുന്ന കന്യാസ്ത്രീകളെല്ലാം മനോരോഗികളാകുന്നതെങ്ങനെയെന്ന കാര്യം ഇവിടെ വ്യക്തമാകുന്നു.

ഒരു ധ്യാനഗുരുവിന്റെ ലൈംഗിക പീഡനം ചെറുത്ത ഒരു കന്യ്‌സ്ത്രീയെ ആലുവ മഠത്തിൽനിന്നും നട്ടുച്ചക്ക് പുറത്താക്കി നടുറോഡിലിറക്കിവിട്ടസംഭവം വാർത്തയായപ്പോൾ 12ലക്ഷം നൽകി കേസ്സൊതുക്കി അവരെ പറഞ്ഞുവിട്ടു. എന്നാൽ ആ പുരോഹിതൻ സുഖമായിതുടരുന്നു. സ്ത്രീകളോടുള്ള സഭയുടെ അവഹേളനവും അടിച്ചമർത്തലും അതി ക്രൂരമായി തുടരുകയാണ്. ഫാദർ ജയിൻ ഒരു പെൺകുട്ടിയുമായി അടുക്കുകയും വിവാഹം കഴിക്കുയും ചെയ്ത സംഭവത്തിൽ അദ്ദേഹത്തെ തൊടുപുഴക്കടുത്തുള്ള ഭ്രാന്താശുപത്രിയിൽ അടച്ച് കുത്തിവച്ചതും പോലീസ് രക്ഷപെടുത്തിയതും കേരള സമൂഹം ഞെട്ടലോടെ കണ്ടതാണ്. അങ്ങനെയെത്ര എത്ര എണ്ണം.

വിശുദ്ധനാക്കി രൂപക്കൂട് പണിഞ്ഞ് പ്രതിഷ്ഠിക്കണം ഈ വിഷപ്പിനെ . എന്നിട്ട് ഉറക്കെ പാടണം – അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ;ഭൂമിയിൽ പീഡകന്മാർക്ക് ശാന്തി എന്ന് ! അതങ്ങനെ തന്നെയാണല്ലോ എപ്പോഴും .ശരിക്കും കൺസേൺ ആവേണ്ടത് ഇരയായ ആ സാധു കന്യാസ്‌ത്രീയെ കുറിച്ചാണ് .നാട്ടിലും വീട്ടിലും ഒക്കെ ഒറ്റപ്പെട്ടുപോയ അവർക്ക് ഇനി ഫ്രാങ്കോ ഫാൻസിന്റെ സ്മാർത്തവിചാരണ കൂടി നേരിടേണ്ടതായിട്ടുണ്ട്. ആടിന്‍ തോലണിഞ്ഞ ചെന്നായയുടെ കഥ ഈസോപ്പ് കഥകളിലും, ബൈബിളിലും നമ്മള്‍ വായിച്ചിരിക്കുന്നു. പൗരോഹിത്യത്തിന്‍റെ ശുഭ്ര വസ്ത്രമണിഞ്ഞ കാമഭ്രാന്തനായ ഒരുപാടൊരുപാട് ചെന്നായകൾ അരമനകളിൽ ഇനിയും ഇടയന്മാരായി തുടരും . ഇനിയും വിശുദ്ധ കിണറുകളിൽ ക്രിസ്തുവിന്റെ മണവാട്ടിമാരുടെ ശവങ്ങൾ പൊന്തും .! ഇതെല്ലാം ഇനിയുമിവിടെ തുടർക്കഥകളായി ആവർത്തിച്ചുക്കൊണ്ടേയിരിക്കും. പക്ഷേ കാലത്തിനൊരു നീതിയുണ്ടെങ്കിൽ , വിശുദ്ധ തടവറകളിൽ ചിതറി വീണ കണ്ണുനീരിനു സത്യമുണ്ടെങ്കിൽ അന്തിമവിധി വരുന്ന ആ ഒരു ദിവസം എണ്ണിയെണ്ണി ഇവന്റെ തെറ്റുകൾ ചോദ്യം ചെയ്യപ്പെട്ടിരിക്കും !

shortlink

Related Articles

Post Your Comments

Related Articles


Back to top button