ആലപ്പുഴ: ജില്ലയുടെ തന്നെ ചിരകാല സ്വപ്നമായിരുന്ന വലിയഴീക്കൽ പാലം, സർക്കാർ ഇന്ന് നാടിന് സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ, പാലം പൊതുജനത്തിന് തുറന്ന് നൽകും. ഏഷ്യയിലെ ഏറ്റവും നീളമുള്ള ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബോ സ്റ്റ്രിങ് പാലമാണിത്. വലിയഴീക്കൽ പാലം തീരദേശ ഹൈവേയുടെ ഭാഗമാകും.
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും, കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മിൽ പാലം ബന്ധിപ്പിക്കുന്നു. ഇതോടെ, ഇരു ജില്ലകളിൽ ഉള്ളവർക്കും യാത്രാദൂരം 25 കിലോമീറ്റർ കുറയും. വലിയഴീക്കൽ പാലം അറബിക്കടലിൻ്റെ പൊഴിമുഖത്തിന് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്. 2016 ലാണ് പാലം നിർമ്മാണം തുടങ്ങിയത്.
139.35 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലത്തിന് 981 മീറ്ററാണ് നീളം. അനുബന്ധപാത കൂടി ചേർത്താൽ പാലത്തിന്റെ നീളം 1.216 കി.മീ ആകും. ബോ സ്ട്രിങ്ങ് ആർച്ച് മാതൃകയിൽ തീർത്ത മൂന്ന് ആർച്ച് സ്പാനുകള്‍ക്ക് 110 മീറ്റർ വീതം നീളമുണ്ട്. ദക്ഷിണേന്ത്യയിൽ തന്നെ ഇത്ര നീളം കൂടിയ ആർച്ച് സ്പാനുകൾ മുൻപ് നിർമ്മിക്കപ്പെട്ടിട്ടില്ല. പാലത്തിൽ ആകെ 29 സ്പാനുകളാണ് ഉള്ളത്. ചെറിയ കപ്പലുകളും, ബാർജുകളും അടിയിലൂടെ കടന്നുപോകത്തക്ക വിധത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. അപ്രോച്ച് റോഡുകൾക്ക് ബി.എം.സി നിലവാരമുണ്ട്.
Post Your Comments