ആലപ്പുഴ: സ്വന്തം വീട്ടിൽ പോയി സഹോദരങ്ങളെ കാണാൻ പോയ ഭാര്യയെ കഴുത്തിൽ വെട്ടുകത്തിവെച്ച് വധഭീഷണി മുഴക്കി ഭർത്താവ്. പ്രതിയെ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. ആലിശ്ശേരി വാർഡിൽ ചിറയിൽവീട്ടിൽ നസീർ (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.
കൂലിപ്പണിക്കാരിയായ നസീറിന്റെ ഭാര്യ ഷക്കീല രാവിലെ ജോലിക്കു പോകുമ്പോൾ മകനോട് ചേർത്തലയിലുള്ള വീട്ടിൽപ്പോയി സഹോദരങ്ങളെ കണ്ടതിനുശേഷമേ തിരിച്ചെത്തുകയുള്ളൂവെന്നു പറഞ്ഞിരുന്നു. ഇത് നസീർ കേട്ടിരുന്നു. വൈകീട്ട് നിർമാണജോലിക്കുശേഷം മദ്യപിച്ചെത്തിയ നസീർ, വെട്ടുകത്തിയെടുത്ത് ഭാര്യയുടെ കഴുത്തിൽവെച്ച് അമർത്തുകയും അസഭ്യംപറഞ്ഞുകൊണ്ട് വെട്ടുകത്തിയുടെ പിൻഭാഗംകൊണ്ട് മുഖത്തും മുതുകിലും മർദിക്കുകയും ചെയ്തു.
തുടർന്നിവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. സംഭവത്തിനുശേഷം നഗരത്തിന്റെ പലയിടങ്ങളിലായി ഒളിച്ചുനടക്കുകയായിരുന്നു നസീർ. സൗത്ത് പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ. കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡുചെയ്തു.
Post Your Comments