തൃശ്ശൂർ: വായ്പ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ, ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തൃശ്ശൂർ നല്ലങ്കര സ്വദേശി വിജയനാണ് കടബാധ്യതയിൽ മുങ്ങി ആത്മഹത്യ ചെയ്തത്. നോട്ടീസ് ലഭിച്ചതിനെ തുടർന്ന്, ഓട്ടോറിക്ഷ ഡ്രൈവറായ വിജയൻ കടുത്ത മാനസിക സമ്മര്‍ദ്ദത്തിൽ ആയിരുന്നുവെന്ന് കുടുംബം പറയുന്നു.
മൂത്ത മകന്റെ വിവാഹ ചെലവുകൾക്കായി വിജയൻ 8 വര്‍ഷം മുമ്പാണ് ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന് നാലര ലക്ഷം രൂപ വായ്പയെടുത്തത്. കൊത്തുപണിക്കാരൻ ആയിരുന്ന മൂത്ത മകന് പിന്നീട് അസുഖം മൂലം ജോലിക്ക് പോകാൻ കഴിയാതായി. സാമ്പത്തിക പ്രതിസന്ധി കാരണം വായ്പ തിരിച്ചടവും മുടങ്ങി. ഇതോടെ പലിശ സഹിതം വായ്പ കുടിശ്ശിക എട്ടര ലക്ഷമായി പെരുകി. കൊവിഡ് ലോക്ക്ഡൗൺ കാരണം ഓട്ടോറിക്ഷക്ക് ഓട്ടം കുറഞ്ഞതോടെ വീട്ടില്‍ നിത്യ ചെലവുകൾക്ക് പോലും ഇവർക്ക് പണം തികയാതെയായി. പണം അടയ്ക്കാത്തതിനാൽ, വൈദ്യതി ബന്ധവും എപ്പോൾ വേണമെങ്കിലും വിച്ഛേദിച്ചേക്കും. ഈ സാഹചര്യത്തിലാണ് ബാങ്കില്‍ നിന്ന് നോട്ടീസ് വന്നത്.
ഈ മാസം 25 നകം പണം തിരിച്ചടക്കണം എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിര്‍ദേശം. ഇതോടെ വിജയന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. അതോടെയാണ് വിജയൻ വീടിനു പിറകിലെ മരത്തില്‍, വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ കുരുക്കി ജീവനൊടുക്കിയത്.
Post Your Comments