തിരുവനന്തപുരം: പാർട്ടി കമ്മിറ്റികളിൽ സ്ത്രീ പ്രാതിനിധ്യം അൻപത് ശതമാനം ആയാൽ പാർട്ടി തകർന്ന് പോകുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ്. കോടിയേരിയുടെ പ്രസ്താവന സ്ത്രീ വിരുദ്ധതയുടെ തുറന്ന് പറച്ചിൽ ആണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് ചൂണ്ടിക്കാട്ടി. അൻപത് ശതമാനം സ്ത്രീസംവരണം പ്രായോഗികമല്ലെന്നുള്ള നിലപാട് സ്ത്രീവിഭാഗത്തോടുള്ള അവഹേളനമാണെന്ന് നിരീക്ഷിച്ച വിമൻ ജസ്റ്റിസ് മൂവ്മെന്റ്, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ കോടിയേരി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
പാർട്ടി കമ്മിറ്റികളിൽ സ്ത്രീ പ്രാതിനിധ്യം അൻപത് ശതമാനം ആയാൽ പാർട്ടി തകർന്ന് പോകുമെന്ന CPM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിഹാസ പ്രതികരണം അദ്ദേഹം ഉള്ളിൽ കൊണ്ടു നടക്കുന്ന സ്ത്രീ വിരുദ്ധതയുടെ പുറത്താകലാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് പറഞ്ഞു. ഇത്തരം പ്രസ്താവനകൾ സ്ത്രീകളുടെ സാമൂഹ്യ – രാഷ്ട്രീയ പങ്കാളിത്തത്തിനെതിരായ പൊതു ബോധത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക എന്നും ഒരു വശത്ത് സ്ത്രീപക്ഷ കേരളത്തെ കുറച്ച് വാചാലമാവുകയും എന്നാൽ, സ്ത്രീ പ്രാതിനിധ്യം വർധിക്കുന്നതിനെ പ്രായോഗികമായി തടയുകയും ചെയ്യുന്ന ഇരട്ടത്താപ്പു നയം ആണ് കോടിയേരിയും സി.പി.എമ്മും സ്വീകരിക്കുന്നതെന്നും ഇവർ വ്യക്തമാക്കി.
അതേസമയം, ഇന്നലെയായിരുന്നു കോടിയേരിയുടെ വിവാദ പരാമർശം. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അമ്പത് ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന്, ‘പാര്‍ട്ടിയെ തകര്‍ക്കാനാണോ നിങ്ങള്‍ നോക്കുന്നതെ’ന്ന മറുപടിയായിരുന്നു അദ്ദേഹം നൽകിയത്. കമ്മറ്റിയെ തകര്‍ക്കാനാണോ, അതോ പ്രയോഗികമായ നിര്‍ദ്ദേശം വെക്കാനാണോ ഈ ചോദ്യമെന്ന് കോടിയേരി ചോദിച്ചു. ഇത് പ്രായോഗികമായ നിർദ്ദേശമല്ലെന്നും കോടിയേരി വിശദീകരിച്ചു. സ്ത്രീപുരുഷ സമത്വം വേണമെന്നും പുരുഷമേധാവിത്വം ഇല്ലാതാക്കണമെന്നും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് കോടിയേരി ഈ മറുപടി പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്.
Post Your Comments