കറാച്ചി: 24 വര്‍ഷത്തിന് ശേഷം ആദ്യമായാണ് കങ്കാരുക്കള്‍ പാക് മണ്ണില്‍ പരമ്പരയ്ക്കെത്തുന്നത്. സുരക്ഷാ ഭീഷണി തന്നെയായിരുന്നു പാകിസ്ഥാനില്‍ വെച്ച് പരമ്പര കളിക്കുന്നതില്‍ നിന്നും ഓസീസിനെ പിന്നോട്ടു വലിച്ചിരുന്നത്. എന്നാല്‍, കാല് നൂറ്റാണ്ടിനിടെ ആദ്യമായി പാക് മണ്ണിലെത്തിയ ഓസീസിനെ, പരമ്പരയുടെ ആദ്യ ദിവസം തന്നെ വരവേറ്റത് ഉഗ്ര സ്ഫോടനമായിരുന്നു. മത്സരം നടക്കുന്ന റാവല്‍പിണ്ടിയില്‍ നിന്നും അധികദൂരയെല്ലാത്ത പെഷവാറിലെ ഷിയാ പള്ളിയിലാണ് സ്ഫോടനമുണ്ടായിരിക്കുന്നത്.
ഉഗ്രസ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി ഉയർന്നു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ നിരവധി പേർക്ക് പരിക്ക് ഗുരുതരമാണ്. പെഷവാറിലെ കൊച്ച റിസാൽദാറിലുള്ള ക്വിസ്സ ഖ്വാനി ബാസാർ ഏരിയയിൽ സ്ഥിതിചെയ്യുന്ന പള്ളിയിലാണ് ഭീകരാക്രമണമുണ്ടായത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി എത്തിയ വൻ ജനക്കൂട്ടത്തിനിടയിലേക്ക് വെടിയുതിർക്കുകയും പിന്നീട് ചാവേർ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രദേശത്തെ ജാമിയ പള്ളിയിലായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ ലേഡി റീഡിംഗ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ പെഷവാർ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മാരക സ്ഫോടനമായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പള്ളിയില്‍ ഭീകരാക്രമണം നടന്നുവെന്നാണ് പ്രധാനമന്ത്രി ഇമ്രാന് ഖാന് പറഞ്ഞത്. ഇതോടെ റാവല്‍പിണ്ടി സ്റ്റേഡിയത്തിലെ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, ഓസീസ് ടീമിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും, ടീമിനെ ഉടന്‍ തന്നെ തിരിച്ചുവിളിക്കണമെന്നും ആരാധകര്‍ മുറവിളി കൂട്ടുന്നുണ്ട്. ഇവരുടെ ആവശ്യം പരിഗണിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ടീമിനെ തിരികെ വിളിക്കുകയാണെങ്കില്‍ പരമ്പര റദ്ദാക്കി മടങ്ങുമെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.
അതേസമയം, സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി, പല ടീമുകളും പാകിസ്ഥാനില്‍ പര്യടനം നടത്താറില്ല. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ പര്യടനത്തിനെത്തിയ കിവീസിനെ മത്സരത്തിന് തൊട്ടുമുന്‍പ് ന്യൂസിലാന്‍ഡ് ഭരണകൂടം തിരികെ വിളിച്ചതും വാര്‍ത്തയായിരുന്നു. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലാന്‍ഡ് പാക്കിസ്ഥാന് മണ്ണില്‍ പര്യടനത്തിനെത്തിയത്. 2003ല്‍ ആണ് ഇരുവരും പാകിസ്ഥാനില്‍ വെച്ച് ഏറ്റുമുട്ടിയത്. അന്ന് 5-0ന് പാകിസ്ഥാന് പരമ്പര സ്വന്തമാക്കുകയായിരുന്നു.
Post Your Comments