ന്യൂഡല്‍ഹി : യുദ്ധഭൂമിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലെത്തിയതോടെ എല്ലാവരുടേയും മുഖത്ത് ആശ്വാസമായിരുന്നു. ദേശീയ പതാക വീശിയും, വന്ദേമാതരം വിളിച്ചും, വിദ്യാര്‍ത്ഥികള്‍ സന്തോഷം പങ്കുവെച്ചു. കേന്ദ്ര മന്ത്രി ആര്‍കെ സിംഗ് വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത്. ഇവരെ പുഷ്പം നല്‍കിയാണ് കേന്ദ്ര മന്ത്രിയും സംഘവും സ്വീകരിച്ചത്.
യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന അവസാന ഇന്ത്യക്കാരനേയും തിരികെ എത്തിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി ആര്‍.കെ സിംഗ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും ആര്‍ കെ സിംഗ് വ്യക്തമാക്കി.
തങ്ങളെ തിരികെ മാതൃരാജ്യത്ത് എത്തിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്ത് തന്ന ഇന്ത്യന്‍ എംബസിക്കും കേന്ദ്ര സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്നുള്ള വിമാനമാണ് രാജ്യത്തെത്തിയത്. യുക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന നാല് രാജ്യങ്ങളിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Post Your Comments