കൊച്ചി: ലോകത്തെ ആശങ്കയിലാഴ്ത്തി റഷ്യ-ഉക്രൈയ്ന്‍ യുദ്ധം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. രണ്ടായിരത്തിലധികം മലയാളികള്‍ ഉള്‍പ്പെടെ ഇരുപതിനായിരത്തിലധികം ഇന്ത്യക്കാരാണ് സ്വദേശത്തേയ്ക്ക് തിരിച്ചെത്താനാകാതെ ഉക്രൈയ്‌നില്‍ കുടുങ്ങി കിടക്കുന്നത്. എന്നാല്‍, യുദ്ധം സംബന്ധിച്ച് കേരളത്തിലെ ഇടത് ബുദ്ധിജീവികള്‍ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ ഇവര്‍ മൗനംപാലിക്കുന്നതിനെതിരെ ടി.ജി മോഹന്‍ദാസ് രംഗത്ത് വന്നു. സാറാ-സക്കറിയമാരും, സച്ചിദാനന്ദനും എന്‍.എസ് മാധവനും ഉള്‍പ്പെടെ സാംസ്‌കാരിക നായകരാരും അനങ്ങുന്നില്ല എന്ന് അദ്ദേഹം പരിഹസിച്ചു.
ഇരുകരയിലും അവര്‍ക്ക് പ്രതികരിക്കേണ്ട ആ ‘പ്രത്യേകമതക്കാരില്ലെന്നാണ്’ അദ്ദേഹം പറയുന്നത്. അവരുണ്ടായിരുന്നുവെങ്കില്‍ പ്രതികരണം അങ്ങ് പൊളിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
‘കേരളത്തിലെ ഇടതുബുദ്ധിജീവികള്‍, സാംസ്‌കാരിക നായകന്‍മാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അനക്കമില്ല. ജാഥയില്ല, പത്രവാര്‍ത്തയില്ല. കാരണം ഇവര്‍ക്കു പ്രിയപ്പെട്ട മതം ഈ രണ്ടുരാജ്യത്തുമില്ല, ഇനി ഉണ്ടെങ്കില്‍ തന്നെ എണ്ണത്തില്‍ കുറവാണ്’, ടി.ജി മോഹന്‍ദാസ് പറയുന്നു.
‘ഇസ്രയേല്‍-പലസ്തീന്‍ വിഷയമാണെങ്കില്‍ പലസ്തീനെ കണ്ണുമടച്ച് പിന്തുണയ്ക്കാം. അമേരിക്ക അഫ്ഗാനിസ്ഥാനെ അക്രമിച്ചാല്‍ സംശയമില്ല അഫ്ഗാനിസ്ഥാന്റെ കൂടെയങ്ങ് നില്‍ക്കും. ഇറാഖ്, സൗദി അറേബ്യ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണെങ്കില്‍ ഉടനെ ചാടിക്കയറി അവരുടെ കൂടെയങ്ങ് നില്‍ക്കും. കാരണം ഇഷ്ടപ്പെട്ട മതം അവിടെയുണ്ട്. ഭൂരിപക്ഷമായിട്ട്. എന്നാല്‍ ഉക്രൈയ്നിലും റഷ്യയിലും ഇവര്‍ കാര്യമായിട്ട് ഇല്ല. അതുകൊണ്ട് പ്രതികരിക്കാന്‍ കഴിയുന്നുമില്ല. അതുകൊണ്ട് മോദിജി എന്തെങ്കിലുമൊന്നു പറയണം. എന്നിട്ടുവേണം അവര്‍ക്ക് പ്രതികരിക്കാന്‍. അതിനെതിരെ പറഞ്ഞാല്‍ ഞങ്ങളുടെ ചുമതല കഴിഞ്ഞല്ലോ’ , അദ്ദേഹം പരിഹസിച്ചു.
‘മോദിജിയാണെങ്കില്‍ ഒന്നും വിട്ടുപറയുന്നുമില്ല. എന്തെങ്കിലുമൊന്നു പ്രതികരിച്ച് കിട്ടിയാല്‍ മതി അതിനെതിരെ ഇവര്‍ മൗനവാത്മീകം വിട്ടുപുറത്തുവരും. ചുരുക്കി പറഞ്ഞാല്‍ ഭാരതം എന്ത് നിലപാട് എടുക്കുന്നുവോ അതിന് എതിരെ നിലപാട് എടുക്കുകയാണ് ഇവരുടെ നിലപാട്. ഒരു വഴക്കിന്റെ ശരി-തെറ്റുകള്‍ നോക്കി പ്രതികരിക്കുകയല്ല, അതില്‍ ഏത് വിഭാഗത്തില്‍ പെടുന്നുവെന്നും ഏത് ഭാഗത്താണ് നില്‍ക്കുന്നത് എന്നും നോക്കിയിട്ടാണ്’ , മോഹന്‍ദാസ് ചൂണ്ടിക്കാട്ടി.
‘ആ മതം രണ്ടുവശത്തും ഇല്ലെന്നറിഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയില്ല. അതിനാല്‍ ഞാന്‍ മോദിയോട് കൈകൂപ്പി അപേക്ഷിക്കുന്നു. അങ്ങ് എന്തെങ്കിലും പറയണം. ബുദ്ധിജീവികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും നിരാശരാക്കരുത്. അതിനെതിരെ പറഞ്ഞ് ഞങ്ങളൊന്ന് ജീവിച്ചു പോയ്ക്കോട്ടെ പ്ലീസ്’, ടിജി പരിഹസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും ഇടതുനേതാക്കളും പ്രതികരണവുമായി വരാത്തതും സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷാ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചത് ഒഴികെ കാര്യമായ പ്രതികരണം മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായിട്ടില്ല.
Post Your Comments