തിരുവനന്തപുരം: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിൽ പ്രതിഷേധ കുറിപ്പുമായി കവി റഫീഖ് അഹമ്മദ് രംഗത്ത്. യുദ്ധം പോലെ ഇത്രമേല്‍ അശ്ലീലവും അപഹാസ്യവുമായ മറ്റൊന്ന് ഉണ്ടോയെന്ന് റഫീഖ് അഹമ്മദ് ചോദിക്കുന്നു. എല്ലാ ഭാഷയിലേയും ഏറ്റവും വലിയ തെറി വാക്കാകുന്നു ‘യുദ്ധം’മെന്ന് അദ്ദേഹം കുറിയ്ക്കുന്നു.
Also Read:ആക്രമണം കടുപ്പിച്ച് റഷ്യ: ഉക്രൈനിലെ താപ വൈദ്യുത നിലയത്തിനെതിരെ ആക്രമണം, ചരക്കു കപ്പലുകൾ തകർത്തു
‘ജനങ്ങള്‍ക്കുവേണ്ടി ഇന്നേവരെ ഒരു യുദ്ധവും നടന്നിട്ടില്ല. അധികാരികളുടെ ദുരൂഹങ്ങളും വ്യാകുലമാം വിധം സങ്കുചിതങ്ങളുമായ ഏതൊക്കെയോ കുടില താല്പര്യങ്ങളാണ് നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ മുതല്‍ ലോകയുദ്ധങ്ങള്ക്കുവരെയുള്ള യഥാര്‍ഥ കാരണം. നിത്യനിദാനങ്ങള്‍ക്കു വേണ്ടി പെടാപ്പാടുപ്പെടുന്ന സാധാരണ മനുഷ്യര്‍ക്ക് ഇതിലൊരു കാര്യവുമില്ല. എന്നാല്‍, അധികാരികള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ ഇരയാക്കപ്പെടുന്നത് ഏറ്റവും സാധാരണക്കാരാണ്. അറിയാത്ത എന്തൊക്കെയോ വലിയ കാര്യങ്ങള്‍ക്കു വേണ്ടിയാണ് യുദ്ധങ്ങള്‍ നടക്കുന്നത്’, കവി തന്റെ കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം:
യുദ്ധങ്ങള്‍ ആര്‍ക്കു വേണ്ടിയാണ്? രാജ്യാതിര്‍ത്തികളുടെ അര്‍ഥം എന്താണ്? ആരോ വരച്ച ഒരു വരയുടെ അപ്പുറത്തും ഇപ്പുറത്തും ആയിപ്പോയ മനുഷ്യരെ ശത്രുക്കളാക്കുന്നത് ആരാണ്? യുദ്ധം പോലെ ഇത്രമേല്‍ അശ്ലീലവും അപഹാസ്യവുമായ മറ്റൊന്ന് ഉണ്ടോ? എല്ലാ ഭാഷയിലേയും ഏറ്റവും വലിയ തെറി വാക്കാകുന്നു ‘യുദ്ധം’.
ജനങ്ങള്‍ക്കുവേണ്ടി ഇന്നേവരെ ഒരു യുദ്ധവും നടന്നിട്ടില്ല. അധികാരികളുടെ ദുരൂഹങ്ങളും വ്യാകുലമാം വിധം സങ്കുചിതങ്ങളുമായ ഏതൊക്കെയോ കുടില താല്പര്യങ്ങളാണ് നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ മുതല്‍ ലോകയുദ്ധങ്ങള്ക്കുവരെയുള്ള യഥാർത്ഥ കാരണം. നിത്യനിദാനങ്ങള്‍ക്കു വേണ്ടി പെടാപ്പാടുപ്പെടുന്ന സാധാരണ മനുഷ്യര്‍ക്ക് ഇതിലൊരു കാര്യവുമില്ല. എന്നാല്‍, അധികാരികള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ ഇരയാക്കപ്പെടുന്നത് ഏറ്റവും സാധാരണക്കാരാണ്. അറിയാത്ത എന്തൊക്കെയോ വലിയ കാര്യങ്ങള്‍ക്കു വേണ്ടിയാണ് യുദ്ധങ്ങള്‍ നടക്കുന്നത്.
നിങ്ങള്‍ കണ്ട രാജ്യങ്ങളില്‍ ഏറ്റവും സുന്ദരമായ രാജ്യം ഏതായിരുന്നു എന്ന് യാത്രികനായ സന്തോഷ് കുളങ്ങരയോടുള്ള ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി മനോഹരമായിരുന്നു. സന്തോഷ് എന്ന തികച്ചും അപരിചിതനും, അന്യനുമായ ഒരാളെ അസര്‍ബൈജാനിലെ ഏതോ കുഗ്രാമത്തിലെ ഒരു അമ്മ പരിചരിച്ച വിധം അദ്ദേഹം വിവരിച്ചിട്ടുണ്ട്. ഭൂപ്രകൃതിയോ കാലാവസ്ഥയോ സാമ്ബത്തികാവസ്ഥയോ ഒന്നുമല്ല സ്നേഹമാണ് ഒരു നാടിനെ സുന്ദരമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഈ ഭൂമിയില്‍ സത്യത്തില്‍ രാജ്യങ്ങളില്ല, രാഷ്ട്രങ്ങളില്ല. മനുഷ്യരായ നമ്മള് ഇവിടെ ജീവിക്കുന്നു. അതിര്‍ത്തികള്‍ രാഷ്ട്രീയ മേധാവികളുടെ പ്രശ്നം മാത്രമാണ്. നമ്മള് വ്യത്യസ്ത രാജ്യങ്ങളായിരിക്കണം എന്നതും തൊട്ടടുത്തുള്ളവര്‍ ശത്രുക്കളായിരിക്കണം എന്നതും ശാസ്ത്രം സൈബര്‍ വിപ്ലവത്തോടെ അതിരുകള്‍ മായ്ച്ച ഈ ഭൂമിയില്‍ എന്തൊരസംബന്ധമാണ്. മണ്ടന്മാരായ അധികാരികളാണ് ഭൂമിയെ ഭരിക്കുന്നത്. ഗുണ്ടകള്‍ നഗരത്തെരുവുകളെ ഭരിക്കുന്നതുപോലെ.
യുദ്ധം ഭരണാധികാരികളുടെ മാത്രം കാര്യമാണ്. ദേശസ്നേഹം പോലുള്ള കാര്യങ്ങള്‍പോലും അവരുടെ പ്രോപ്പര്‍ട്ടി പരിരക്ഷിക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള സൂത്രങ്ങളാണ്. ലോകം ഒന്നാണ്. അതിരുകള്‍ മിഥ്യയാണ്. യുദ്ധം മനുഷ്യരുടെ ആവശ്യമല്ല. അധികാരികളായ മൃഗങ്ങളുടെ ഉള്ളിലെ പിശാചിന്റെ ആവശ്യമാണ്. ഈ നൂറ്റാണ്ടിലും യുദ്ധങ്ങള്‍ ഉണ്ടാവുന്നു എന്നത് മനുഷ്യവംശത്തിന് നാണക്കേടാണ്. നമ്മള് വിനയത്തോടെ മറ്റു ജീവജാതികളോട് ശിഷ്യപ്പെടേണ്ടിയിരിക്കുന്നു.
Post Your Comments