കോട്ടയം: കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. വെള്ളാവൂർ കടയനിക്കാട് വില്ലൻപാറ പുതുപ്പറമ്പില്‍ വീട്ടില്‍ പി.എസ്. സുരേഷിനെയാണ് (ജയേഷ്) ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്. ജയേഷിനെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന്, തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു.
കറുകച്ചാൽ, മണിമല പൊലീസ് സ്റ്റേഷനുകളിൽ കവർച്ച, വധശ്രമം, വീട് കയറി ആക്രമിച്ച് ഗുരുതര പരിക്കേൽപിക്കുക, വസ്തുവകകൾക്ക് നാശനഷ്ടം വരുത്തുക, മയക്കുമരുന്നുകൾ കൈവശം വെക്കുക തുടങ്ങിയ കേസുകളിൽ പ്രതിയാണ് ജയേഷ്. മണിമല പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ കൈവിലങ്ങിന് ഇടിച്ച് പരിക്കേൽപിച്ച കേസിലും പ്രതിയാണ് ഇയാൾ.
2021 ഒക്ടോബറിൽ മുണ്ടത്താനം ഭാഗത്ത് ഗുണ്ട ആക്രമണം നടത്തി മനേഷ് തമ്പാൻ എന്നയാളെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയശേഷം കാൽ വെട്ടിയെടുത്ത് റോഡിലിട്ട കേസിലും പ്രതിയാണ്.
കൊലപാതക കേസിൽ റിമാൻഡിൽ കഴിയവെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുന്നതാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
Post Your Comments