തൊടുപുഴ: പണിക്കന്‍കുടിയില്‍ വീട്ടമ്മയായ സിന്ധുവിനെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതിക്ക് മറ്റൊരു വധശ്രമക്കേസില്‍ നാല് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പണിക്കന്‍കുടി മാണിക്കുന്നേല്‍ ബിനോയെയാണ് (48) തൊടുപുഴ രണ്ടാം അഡീഷണല്‍ സെക്ഷന്‍സ് കോടതി ജി. അനില്‍ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. ബിനോയ് സിന്ധുവിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് 2018 ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.
ബിനോയിയും അയല്‍വാസിയായ പണിക്കന്‍കുടി കുഴിക്കാട്ട് വീട്ടില്‍ സാബുവും (51) പടുതാക്കുളത്തിലെ വെള്ളം ചോര്‍ത്തിക്കളയുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. സംഭവ ദിവസം വൈകിട്ട് അഞ്ചിന് തന്റെ പടുതാക്കുളത്തിലെ വെള്ളം സ്ഥിരമായി ഒഴുക്കിക്കളയുകയാണെന്ന് ആരോപിച്ച് സാബുവിനെ വീടിന് സമീപത്ത് വച്ച് ബിനോയ് കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.
Read Also : രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തും : വനമേഖല ഡ്രോണ്‍ നിരീക്ഷണത്തിലേക്ക്
ആക്രമണത്തിൽ സാബുവിന്റെ കൈയ്ക്ക് ഗുരുതര പരിക്കേറ്റു. ഈ കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് 2021 സെപ്തംബര്‍ മൂന്നിന് സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടിലെ അടുക്കളയിൽ നിന്ന് കണ്ടെടുക്കുന്നത്.
ഈ കേസില്‍ വിചാരണ നേരിട്ട് ജയിലില്‍ കഴിയുകയാണ് പ്രതി ഇപ്പോള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഏബിള്‍ സി. കുര്യന്‍ ഹാജരായി.
Post Your Comments