മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 സീസണിന്റെ വേദിയും തിയതിയും പ്രഖ്യാപിച്ചു. മാര്‍ച്ച് 26ന് തുടങ്ങുന്ന 15ാം സീസൺ മെയ് 29ന് അവസാനിക്കും. നേരത്തെ, മാര്‍ച്ച് 29ന് ലീഗ് ആരംഭിക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ, സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് പുതുക്കിയ തിയതി പ്രഖ്യാപിച്ചത്. ശനിയാഴ്ച ലീഗ് ആരംഭിക്കുന്ന രീതിയില്‍ ഫിക്‌സ്ചര്‍ ക്രമീകരിക്കണമെന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ആവശ്യം. ഇത് ഗവേണിംഗ് ബോഡി അംഗീകരിക്കുകയായിരുന്നു.
അഹമ്മദാബാദിലും പൂനെയിലും മുംബൈയിലുമായി നടക്കുന്ന ടൂര്‍ണമെന്റ് ആറ് വേദികളിലായിട്ടാകും നടക്കുക. ഇത്തവണ പത്ത് ടീമുകള്‍ ഐപിഎല്ലിനുള്ളതിനാല്‍ മത്സരങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. 74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29ന് അഹമ്മദാബാദില്‍ നടക്കും.
വാങ്കഡേ സ്‌റ്റേഡിയം, ബ്രബോണ്‍ സ്‌റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയം, ജിയോ സ്‌റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ലീഗിന്റെ ആദ്യ ആഴ്ചകളില്‍ സ്റ്റേഡിയങ്ങളില്‍ 50 ശതമാനവും പിന്നീട് 75 ശതമാനവും സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം തേടും.
Read Also:- രഞ്ജി ട്രോഫിയിൽ നിരാശപ്പെടുത്തി രഹാനെയും പൂജാരയും: മുംബൈ 163ന് ഓള്‍ഔട്ട്
ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം. ഓരോ ഗ്രൂപ്പിലും അഞ്ചു ടീമുകള്‍ വീതം ഉണ്ടാകും. ഗ്രൂപ്പിലുള്ള എല്ലാ ടീമുകളും രണ്ടു തവണ ഏറ്റുമുട്ടും. കൂടാതെ, ഓരോ ടീമും എതിര്‍ ഗ്രൂപ്പിലെ ടീമുമായും ഏറ്റുമുട്ടും. അതേസമയം, ഒരു ടീമിനും ഹോം ഗ്രൗണ്ട് ആനുകൂല്യം ലഭിക്കില്ല. നേരത്തെ, മുംബൈ ഇന്ത്യന്‍സിനെ വാംഖഡെയില്‍ കളിപ്പിക്കരുതെന്ന് മറ്റു ടീമുകളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments