പല കാര്യങ്ങളിലും നമുക്കൊക്കെ നൂറായിരം സംശയങ്ങളാണ്. അവയിൽ ഭൂരിഭാഗവും നമ്മളെ പേടിപ്പെടുത്തുന്ന എന്തിനെയെങ്കിലും കുറിച്ചുള്ളതായിരിക്കും. അത്തരത്തിൽ നമുക്ക് ഒരുപാട് സംശയങ്ങൾ ഉള്ള ഒരു വിഷയമാണ് പാമ്പ്. ഏറ്റവുമധികം ആളുകൾ ഭയപ്പെടുന്നതും, എന്നാൽ, ആ ഭയം കാരണം ഭൂമിയിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ ജീവി വർഗ്ഗമാണ് പാമ്പുകൾ.
ശീതരക്തമുള്ള ഇനം ഉരഗങ്ങളാണ് പാമ്പുകളെന്ന് വിക്കിപീഡിയ പറയുന്നു. പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. എലാപ്പിഡേ, വൈപ്പറിഡേ, കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നിവയാണ് പ്രധാനപ്പെട്ട കുടുംബങ്ങൾ. എലാപ്പിഡേ, വെപ്പറിഡേ കുടുംബത്തിൽ വിഷമുള്ള ഇനം പാമ്പുകളും കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നീ അഞ്ചു കുടുംബങ്ങളിൽ വിഷമില്ലാത്ത ഇനം പാമ്പുകളുമാണ് ഉൾപ്പെടുന്നത്. പെരുമ്പാമ്പുകൾ ഉൾപ്പെടുന്ന കുടുംബമാണ് പൈത്തോണിഡേ. ഇങ്ങനെ ആകെ നൂറ് ഇനം പാമ്പുകളാണ് കേരളത്തിള്ളത്. ഇതിൽ 90% പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ അഞ്ചിനം പാമ്പുകൾക്കാണ് മനുഷ്യജീവൻ അപഹരിക്കാൻ കഴിയുന്നത്.ഇവയിൽ രാജവെമ്പാല അപൂർവമായേ കടിക്കാറുള്ളൂ എന്നതിനാലും ജനവാസമുള്ള പ്രദേശത്ത് കാണപ്പെടാത്തതിനാലും അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാലും അതിനെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പാമ്പുകളെക്കുറിച്ച് ധാരാളം തെറ്റിധാരണകൾ കൊണ്ട് നടക്കുന്നവരാണ് നമ്മൾ. മഞ്ഞച്ചേര മലര്‍ന്ന് കടിച്ചാല്‍ മലയാളത്തിലും മരുന്നില്ല, കടിച്ച പാമ്പിനെ തിരിച്ച് വിളിച്ച് വീണ്ടും കടിപ്പിച്ച് വിഷമിറക്കുക, ഒരു പാമ്പിനെ ഉപദ്രവിച്ചാല്‍ അതിന്റെ ഇണ ഉപദ്രവിച്ച ആളെ എത്ര നാളുകള്‍ക്ക് ശേഷമായാലും കടിക്കും, ഇതെല്ലാമാണ് നമ്മുടെ തെറ്റിധാരണകൾ. യഥാർത്ഥത്തിൽ ഇവയൊക്കെ വെറും വാമൊഴികൾ മാത്രമാണ്. ഇവയിലൊന്നും സത്യമില്ലെന്ന് മാത്രമല്ല, ശുദ്ധ മണ്ടത്തരങ്ങളുമാണ്. അതുകൊണ്ട് തന്നെ മഞ്ഞച്ചേരയ്ക്ക് വിഷമില്ലെന്നും ഇവ മലര്‍ന്നോ കമിഴ്ന്നോ കടിച്ചാലും കടിയേറ്റ വ്യക്തിക്ക് വിഷം ഏല്‍ക്കില്ലെന്നും നമ്മൾ മനസ്സിലാക്കണം. പിന്നെ കടിച്ച പാമ്പിനെ തിരിച്ചു വിളിച്ച് കടിപ്പിച്ച് വിഷമിറക്കുമെന്ന് പറയുന്നതും വാസ്തവമല്ല. വീണ്ടും കടിപ്പിച്ചാല്‍ വിഷം വീണ്ടും തീണ്ടുകയേയുള്ളു. പിന്നെ വിളിച്ചാൽ വരാൻ പാമ്പ് ആരാണ് നമ്മൾ പേരിട്ടു വളർത്തുന്ന കുട്ടികളൊന്നുമല്ലല്ലോ.
പേടിയാണ് പാമ്പ് കടിയേറ്റയാളെ ഏറ്റവുമധികം മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണം. അതുകൊണ്ട് നമ്മൾ പേടി ഇല്ലാതാക്കുക. നമുക്ക് ചുറ്റും അനേകം ജീവികളുണ്ട്, അവരുടെ ആവാസ വ്യവസ്ഥയെ തകിടം മറിച്ചാണ് നമ്മൾ വീടുകളും വിദ്യാലയങ്ങളും കെട്ടിപ്പൊക്കിയിരിക്കുന്നത്. അതുകൊണ്ട് ഹൃദയം സിനിമയിൽ അരുൺ നീലകണ്ഠൻ പഠിച്ച കോളേജിലേക്ക് തിരിച്ചു വരുന്നത് പോലെ പാമ്പും ഇടയ്ക്ക് നൊസ്റ്റു അടിച്ച് നമ്മളുടെ ആവാസ വ്യവസ്ഥയിൽ വരുന്നതാകാം. ഇതും ഒരു തമാശ മാത്രമാണ് കേട്ടോ, പാമ്പുകൾക്ക് ഓർമ്മയില്ലെന്ന് പറയാൻ വേണ്ടി മാത്രം പറഞ്ഞ തമാശ. ഈ വഴികളും ഭൂമിയും അവരൊക്കെ പണ്ട് സഞ്ചരിച്ച വഴികളാണ്. എന്ത് തന്നെയായാലും മനുഷ്യനോളം മൃഗീയമായ സ്വഭാവമുള്ള മറ്റൊരു ജീവിയും ഭൂമിയിൽ ഇല്ലെന്ന് തിരിച്ചറിയുക.
പാമ്പുകളെ കണ്ടാല്‍ അവയെ ഉപദ്രവിക്കാതെ സര്‍പ്പ ആപ്പിന്റെ സഹായത്തോടെ വനം വകുപ്പിനെ വിവരമറിയിക്കാനുള്ള സൗകര്യമുണ്ട്. അതുകൊണ്ട് ഈ വിവരം സൂക്ഷിച്ചു വയ്ക്കുക. ഒന്നിനെയും കൊല്ലാതിരിക്കുക. നിലനിൽപ്പിന് വേണ്ടിയാണ് ഞാനും നിങ്ങളും പാമ്പും പഴുതാരയുമെല്ലാം പോരാടുന്നത്.
-സാൻ
Post Your Comments