കാസര്‍ഗോഡ്: മുത്തപ്പന് തെയ്യത്തിന്റെ മുന്നിൽ സങ്കടങ്ങൾ പറയുകയും മുത്തപ്പൻ കൈ പിടിച്ച് വിവരങ്ങൾ ആരായുകയും ചെയ്ത മുസ്ലിം യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. വൈറലായ മുത്തപ്പന് തെയ്യത്തിന്റെ വീഡിയോയെക്കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വീഡിയോയിലൂടെ പ്രശസ്തയായ കാസര്‍ഗോഡ് വലിയ പറമ്പ സ്വദേശിനിയായ എം.ടി റംലത്ത്.
സങ്കടം കാരണമാണ് മുത്തപ്പന് തെയ്യത്തെ കാണാന്‍ പോയതെന്നും സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ചർച്ചയായതിന് ശേഷം നിരവധി പേര് സഹായ വാഗ്ദാനങ്ങളുമായി എത്തിയെന്നും റംലത്ത് പറയുന്നു. ചില ഇടുങ്ങിയ ചിന്താഗതിക്കാര്‍ തനിക്കെതിരെ രംഗത്ത് വന്നിരുന്നെന്നും റംലത്ത് കൂട്ടിച്ചേർത്തു.
‘രണ്ട് വര്‍ഷം മുന്‍പ് മുംബൈയിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഭര്‍ത്താവ് അബ്ദുള്‍ കരീമിന് ജോലി നഷ്ടമായി. ഒരു ആണ്‍കുട്ടിയും രണ്ട് പെണ്മക്കളുമാണ് ഉള്ളത്. സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണ് കുടുംബം. ഈ സങ്കടം കാരണമാണ് മുത്തപ്പന് തെയ്യത്തെ കാണാന്‍ പോയത്. വീഡിയോ എടുത്തത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് വൈറലായതിന് ശേഷം ഒരുപാട് പേര് സഹായ വാഗ്ദാനവുമായെത്തി. എന്നാല്‍, ഇടുങ്ങിയ ചിന്താഗതിക്കാരായ ചിലര്‍ എനിക്കെതിരെ രംഗത്തുവന്നു. പക്ഷേ ഞാനതൊന്നും കാര്യമാക്കി എടുക്കുന്നില്ല.’ റംലത്ത് പറഞ്ഞു.
Post Your Comments