ചെന്നൈ: തമിഴ്‌നാട് നഗരസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കാനിറങ്ങിയ ബിജെപിക്ക് നിരാശപ്പെടേണ്ടി വന്നില്ല. തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലയുടെ നേതൃത്വത്തിൽ ഉള്ള പ്രവർത്തനങ്ങൾ ബിജെപിയുടെ വോട്ടുകൾക്ക് വലിയ മുന്നേറ്റമാണ് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും കുത്തകയായിരുന്ന പല മുൻസിപ്പാലിറ്റികളിലും ബിജെപി അക്കൗണ്ട് തുറന്നു. സീറ്റുകളുടെ എണ്ണം കുറവാണെങ്കിലും നിസാര വോട്ടുകൾക്കാണ് പലയിടത്തും വിജയം കൈവിട്ടത്.
തിരുപ്പൂരിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ വിജയത്തോടെ ഡിഎംകെ സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച പണം പോലും നഷ്ടമായി. ഒൻപതാം വാർഡിലാണ് ബിജെപി സ്ഥാനാർത്ഥി മികച്ച വിജയം നേടിയത്. ബിജെപിക്ക് 230 വോട്ടുകൾ കിട്ടിയപ്പോൾ ഡിഎംകെ സ്ഥാനാർത്ഥിക്ക് 30 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോർപ്പേറഷനുകളിലുൾപ്പെടെ ബിജെപി മികച്ച ചുവടുവെയ്പാണ് നടത്തിയത്. ബിജെപി, അണ്ണാ ഡിഎംകെയുമായി ചേരാതെ ഒറ്റയ്‌ക്കാണ് ഇക്കുറി മത്സരിച്ചത്. അതുകൊണ്ടു തന്നെ ഈ നേട്ടം പാർട്ടിക്ക് ഇരട്ടിത്തിളക്കമാണ് നൽകുന്നത്.
വാർഡ് 134 ൽ ബിജെപി സ്ഥാനാർത്ഥി ഉമാ ആനന്ദൻ വിജയം ഉറപ്പിച്ചു. അതേസമയം, തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഇതുവരെ മൂന്ന് വാർഡുകളിൽ വിജയിച്ചു. കരൂർ ജില്ലയിൽ മൂന്നാം വാർഡിൽ ബി.ജെ.പി.ജയിച്ചു. നാഗർകോവിൽ കോർപ്പറേഷനിൽ ബിജെപിയുടെ മീന ദേവ് വിജയിച്ചു. ദിണ്ടിഗൽ കോർപ്പറേഷനിലെ പതിന്നാലാം വാർഡിലും ബിജെപി വിജയിച്ചു. വടുകപ്പട്ടി, ആർഎസ് മംഗളം മുൻസിപ്പാലിറ്റികളിലും ബിജെപിക്ക് ഒരോ സീറ്റുണ്ട്. മധുരൈ കോർപ്പറേഷനിലെ 86 -ആം വാർഡിൽ ബിജെപിയുടെ പൂമ ജനശ്രീ വിജയിച്ചു.
കോയമ്പത്തൂർ ചെട്ടിപ്പാളയം മുൻസിപ്പാലിറ്റിയിൽ രണ്ടും മൂന്നും വാർഡുകളിലും കന്യാകുമാരി മുൻസിപ്പാലിറ്റിയിൽ ഒരു വാർഡിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. കോയമ്പത്തൂർ സൗത്ത് ചെത്തിപ്പാളയം മുൻസിപ്പാലിറ്റിയിൽ രണ്ടും മൂന്നും വാർഡുകൾ ബിജെപി നേടി.വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ അടിവേര് ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇക്കുറി തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി തീരുമാനമെടുത്തത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ഡിഎംകെയ്‌ക്കാണ് മുൻതൂക്കം. വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ച സംഭവങ്ങൾ ഉൾപ്പെടെ പ്രചാരണഘട്ടത്തിൽ ഡിഎംകെയ്‌ക്കെതിരെ ഉയർന്നുവന്നിരുന്നു. ചെന്നൈ കോർപ്പറേഷനിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആകെയുള്ള 200 വാർഡുകളിൽ 104 വാർഡുകളിലും ഡിഎംകെ വിജയിച്ചു.
Post Your Comments