നെടുങ്കണ്ടം: വണ്ടന്‍മേട് സ്വദേശി രഞ്ജിത്തിന്റെ മരണകാരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ ഭാര്യ അന്ന ലക്ഷ്മി (28)യെ പോലീസ് അറസ്റ്റ് ചെയ്തു. പുതുവലില്‍ രഞ്ജിത്തിനെ കൊലപ്പെടുത്തിയത് ഭാര്യ അന്ന ലക്ഷ്മിയാണെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് തെളിഞ്ഞത്.
മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്ന ഭത്താവിനെക്കൊണ്ട് സഹികെട്ട അന്ന ലക്ഷ്മി രഞ്ജിത്തിനെ കാപ്പിവടികൊണ്ടു തലയ്ക്കടിച്ചും വള്ളി കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തുകയായിരുന്നു. ഈ മാസം ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഞ്ജിത്തിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അന്നയും ഇവരുടെ അമ്മയുമാണ് വിവരം പോലീസിനെ അറിയിച്ചത്. വീണ് മരിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, മരണത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് അന്ന ലക്ഷ്മി അറസ്റ്റിലായത്.
രഞ്ജിത്ത് ഒരു ശല്യക്കാരനായിരുന്നു എന്ന് നാട്ടുകാരും അന്നയുടെ ബന്ധുക്കളും പറയുന്നു. അന്നയെ കൂടാതെ സ്വന്തം മാതാവിനേയും ഇയാൾ അസഭ്യം പറയുകയും സ്ഥിരമായി മർദ്ദിക്കുകയും ചെയ്യുമായിരുന്നു. കൃത്യം നടന്ന ദിവസവും ഇയാൾ മദ്യപിച്ചായിരുന്നു വീട്ടിലെത്തിയത്. അന്നേദിവസം, അന്നയുടെ ജന്മദിനമായിരുന്നു. മദ്യപിച്ച് എത്തിയ രഞ്ജിത് ഭാര്യയോട് വഴക്ക് ഉണ്ടാക്കി. ഇതിന് തടസ്സം പിടിച്ച അമ്മയെ കൈയ്യില്‍ പിടിച്ച് വലിച്ച് ‘ഇവള്‍ ഇല്ലെങ്കില്‍ നീ എന്റെ കൂടെ വന്ന് കിടക്കെടി’ എന്ന് പറയുകയും ഉണ്ടായി. ഇതില്‍ കലിപൂണ്ട യുവതി ഭർത്താവിനെ ശക്തിയായി പിടിച്ച് പുറകോട്ട് തള്ളി. എന്നാൽ, താഴെ വീണ രഞ്ജിത്തിന്റെ തല കല്‍ഭിത്തിയില്‍ ഇടിക്കുകയായിരുന്നു.
ഇതോടെ, അവശനായ രഞ്ജിത്ത് എഴുന്നേറ്റിരിക്കാൻ കഷ്ടപ്പെട്ടു. അപ്പോഴേക്കും മാനസിക നില കൈമോശം വന്ന അന്ന രഞ്ജിത്തിന്റെ തലയില്‍ നിരവധി തവണ കാപ്പിവടികൊണ്ട് അടിക്കുകയും നിലത്ത് കമിഴ്ന്ന് വീണ രഞ്ജിത്തിന്റെ കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം മരിച്ച രഞ്ജിത്ത് അയല്‍വാസിയെ കയറി പിടിച്ചതിന്റെ പേരില്‍ പൊലീസ് കേസെടുക്കുകയും റിമാന്റില്‍ പോവുകയും ചെയ്തിരുന്നു. അന്നയെ അറസ്റ്റ് ചെയ്യാതിരിക്കാൻ അമ്മ ഈ വിവരം മറച്ചുവെച്ചു. അന്വേഷണ സംഘത്തിന്റെ വിശദമായ ചോദ്യം ചെയ്യലിൽ അന്ന കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments