തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്.ആർ.ഡി.എസ് എന്ന സന്നദ്ധ സംഘടനയിൽ സി.എസ്. ആർ ഡയറക്ടറായി വെള്ളിയാഴ്ച രാവിലെ ജോലിയിൽ പ്രവേശിച്ചത് പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്. സ്വകാര്യ എൻ.ജി.ഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോയിൻ ചെയ്തത്. ജാമ്യത്തിലിറങ്ങിയ ശേഷം ജോലിയില്ലാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എച്ച്.ആർ.ഡി.എസ് തയാറായതെന്ന് ചീഫ് പ്രൊജക്ട് കോഡിനേറ്റര്‍ ജോയ് മാത്യു വ്യക്തമാക്കിയിരുന്നു.
പ്രതിമാസ ശമ്പളം നാൽപ്പത്തിമൂവായിരം രൂപയിലായിരുന്നു സ്വപ്നയുടെ നിയമനം. നിലവിലെ വിവാദങ്ങളും ബുദ്ധിമുട്ടുകളും തന്നെ ഏറെ ബാധിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ സ്വപ്ന, ഈ ജോലി തനിക്ക് അത്യാവശ്യമാണെന്നും വിശദീകരിച്ചു. എന്നാൽ, ഇതിനിടെ ‘സ്വപ്നയുടെ സംഘപരിവാർ ബന്ധം എന്ത്’ എന്ന തലത്തിലുള്ള ചർച്ചകളും ഉയർന്നുവന്നു. മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണ് അട്ടപ്പാടി കേന്ദ്രീകരിച്ചുള്ള ഹൈറേഞ്ച് റൂറല്‍ ഡെവല്‍പ്പ്‌മെന്റ് സൊസൈറ്റി. ഗുരു ആത്മനമ്ബി(ആത്മജി)യാണ് എച്ച്.ആർ.ഡി.എസിന് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. ഈ സ്ഥാപനത്തിൽ സ്വപ്നയ്ക്ക് ജോലി കിട്ടിയത് അവരുടെ ബി.ജെ.പി ബന്ധമാണ് എന്ന പ്രചരണങ്ങൾ വ്യാജമാണെന്ന് സ്വപ്ന തന്നെ വെളിപ്പെടുത്തി രംഗത്ത് വന്നു. വിവാദമുണ്ടായപ്പോൾ എച്ച്.ആർ.ഡി.എസ് എന്ന എൻ.ജി.ഒയുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ, തനിക്ക് നേരെ നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ എല്ലാ വിവാദങ്ങൾക്കും പിന്നിൽ ശിവശങ്കർ ആണെന്ന് സ്വപ്ന ആരോപിക്കുന്നു. ഇതിൽ കൂടുതലും ഇനി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അക്കാര്യത്തിൽ തനിക്ക് കൃത്യമായ ബോധ്യമുണ്ടെന്നും ഇവർ പറയുന്നു. തനിക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടെന്ന വ്യാജ പ്രചരണങ്ങളെയും സ്വപ്ന തള്ളി കളയുന്നു. ആർ.എസ്.എസ് എന്താണെന്ന് പോലും തനിക്കറിയില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പറ്റി അറിയില്ലെന്നും സ്വപ്ന പറഞ്ഞു. ഒരു സ്ഥാപനത്തിൽ ജോലിക്ക് ചേരുന്നതിന് മുമ്പ് ആ സ്ഥാപനത്തിന്റെ രാഷ്ട്രീയ നിലപാടോ, അതിനെ സഹായിക്കുന്നതോ, വിമർശിക്കുന്നതോ ആയ രാഷ്ട്രീയ പാർട്ടികളെ കുറിച്ചോ ചിന്തിക്കേണ്ട കാര്യമില്ലെന്നും സ്വപ്ന സുരേഷ് പറയുന്നു.
‘വിവാദങ്ങളില്‍ ഒരുപാട് ദുഃഖമുണ്ട്. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണം. ബി.ജെ.പിയുമായോ ആർ.എസ്.എസുമായോ ഒരു ബന്ധവും ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പറ്റിയും അറിയില്ല. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ല. എനിക്ക് ജീവിക്കണം. എന്റെ കുട്ടികളെ എനിക്ക് നോക്കണം. അതിന് ഒരു ജോലി എനിക്ക് അത്യാവശ്യമാണ്. എനിക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്. കൂട്ടംകൂടി ആക്രമിക്കുന്നു. എനിക്ക് ഇഞ്ചിഞ്ചായി കൊല്ലുന്നതിനേക്കാള്‍ നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതാണ്, മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ല. മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം’, സ്വപ്ന വ്യക്തമാക്കി.
ശിവശങ്കറുടെ വിവാദമായ പുസ്തകത്തിന് പിന്നാലെയായിരുന്നു പുതിയ വെളിപ്പെടുത്തൽ നടത്തി സ്വപ്ന സുരേഷ് കളം നിറഞ്ഞത്. ശിവശങ്കറിന്റെ ‘നല്ല പിള്ള ചമയൽ’ പൊളിച്ചടുക്കിയത് സ്വപ്നയായിരുന്നു. ഇതിന്റെ പ്രതികാരമാണ് ഇപ്പോൾ തനിക്കെതിരെ നടക്കുന്നത് എന്നാണ് സ്വപ്ന ആരോപിക്കുന്നത്. വരും ദിവസങ്ങളിൽ സർക്കാരിനെയും ശിവങ്കറിനെയും പ്രതിസന്ധിയിലാക്കുന്ന കൂടുതൽ വെളിപ്പെടുത്തൽ സ്വപ്ന നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്.
Post Your Comments