ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജകുമാരനും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. വെള്ളിയാഴ്ച്ചയാണ് ഇരു നേതാക്കളും തമ്മിൽ വെർച്വൽ കൂടിക്കാഴ്ച്ച നടത്തിയത്. സമസ്ത മേഖലകളിലും ഉഭയകക്ഷിബന്ധങ്ങളിലുണ്ടായ തുടർച്ചയായ വളർച്ചയിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. സമ്പദ് വ്യവസ്ഥ, ഊർജ്ജം , കാലാവസ്ഥാ പ്രവർത്തനം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, നൈപുണ്യവും വിദ്യാഭ്യാസവും, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, സുരക്ഷ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ വ്യാപാര-നിക്ഷേപ-നവീകരണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
Read Also: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ നവവധു മരിച്ച നിലയിൽ: ദുരൂഹതയെന്ന് ബന്ധുക്കള്‍
വെർച്വൽ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) ഒപ്പുവച്ചു. ഇരുനേതാക്കളുടെയും വെർച്വൽ സാന്നിധ്യത്തിൽ കേന്ദ്ര വാണിജ്യവ്യവസായമന്ത്രി ശ്രീ പിയൂഷ് ഗോയലും യുഎഇ സാമ്പത്തികമന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരിയും ചേർന്നാണ് കരാറിൽ ഒപ്പിട്ടത്. മെച്ചപ്പെട്ട വിപണി പ്രവേശനവും കുറഞ്ഞ ഇറക്കുമതിത്തീരുവകളും ഉൾപ്പെടെ ഇന്ത്യയുടെയും യുഎഇയുടെയും വ്യവസായ മേഖലയ്ക്ക് ഈ കരാർ വലിയ നേട്ടങ്ങൾ സൃഷ്ടിക്കും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഉഭയകക്ഷിവ്യാപാരം നിലവിലെ 60 ബില്യൺ ഡോളറിൽ നിന്ന് 100 ബില്യൺ ഡോളറായി ഉയർത്താനും സിഇപിഎ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും യുഎഇ സ്ഥാപിതമായതിന്റെ 50-ാം വാർഷികവും കണക്കിലെടുത്ത് ഇരുനേതാക്കളും സംയുക്ത സ്മരണിക സ്റ്റാമ്പും പുറത്തിറക്കി. ഇന്ത്യയും യുഎഇയും ഒപ്പുവച്ച രണ്ടു ധാരണാപത്രങ്ങളും ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. ഭക്ഷ്യസുരക്ഷ ഇടനാഴിയെക്കുറിച്ച് എപിഇഡിഎയും ഡിപി വേൾഡ് & അൽ ദഹ്റയും തമ്മിലുള്ള ധാരണപത്രം, സാമ്പത്തിക പദ്ധതികളിലും സേവനങ്ങളിലുമുള്ള സഹകരണം സംബന്ധിച്ച് ഇന്ത്യയുടെ ഗിഫ്റ്റ് സിറ്റിയും അബുദാബി ഗ്ലോബൽ മാർക്കറ്റും തമ്മിലുള്ള ധാരണാപത്രം എന്നിവയിലാണ് ഒപ്പുവെച്ചത്. കാലാവസ്ഥാ പ്രവർത്തനത്തിലെ സഹകരണത്തിനും വിദ്യാഭ്യാസത്തിനുമായുള്ള മറ്റു രണ്ടു കരാറുകൾക്കും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.
Post Your Comments