അബുദാബി: യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരിൽ ഇന്ത്യയിൽ നിന്ന് കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്ക് യാത്രയ്ക്ക് മുൻപുള്ള ആർടിപിസിആർ പരിശോധന ഒഴിവാക്കി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ എയർ, സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നീ വിമാന കമ്പനികൾ യുഎഇ-ഇന്ത്യ യാത്രക്കാർക്കായി പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. യാത്രക്കാർ ഇന്ത്യയിൽ നിന്നുള്ള കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം.
അതേസമയം യുഎഇയിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പ് 14 ദവസത്തെ യാത്രാ വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അടങ്ങിയ ഫോം എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments