കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ സ്ഥലം എംഎഎൽഎയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി വാർഡ് മെമ്പർ നിഷ ആലിയാർ. ദീപുവിന് മർദനം ഏൽക്കുമ്പോൾ ശ്രീനിജിൻ എംഎൽഎ തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകൻ സുകുവിന്റെ വീട്ടിൽ ഉണ്ടായിരുന്നതായി നിഷ ആരോപിച്ചു. ദീപുവിന്റെ മരണകാരണം മർദനം അല്ലെങ്കിൽ പിന്നെ എന്താണെന്ന് വ്യക്തമാക്കണമെന്നും തലയ്ക്ക് അടിയേറ്റതിനാലാണ് ദീപുവിന് ശസ്ത്രക്രിയ വേണ്ടി വന്നതെന്നും നിഷ ചൂണ്ടിക്കാണിച്ചു.
ദീപുവിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും നിഷ ആലിയാർ ആവശ്യപ്പെട്ടു. എംഎൽഎയുടെ കിരാത നടപടികൾക്കെതിരെയാണ് ട്വന്റി ട്വന്റി പ്രവർത്തകർ വീടുകളിൽ വിളക്കണച്ചു പ്രതിഷേധിച്ചത്. ദീപു വീട്ടിൽ വിളക്കണച്ചു പ്രതിഷേധിക്കുമ്പോൾ തൊട്ടടുത്ത പുരയിടത്തിൽ മറഞ്ഞിരുന്ന അക്രമികൾ ദീപുവിനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് നിഷ പറയുന്നു.
താൻ സ്ഥലത്തെത്തുമ്പോൾ നാലു പേർ ചേർന്ന് ദീപുവിനെ മതിലിൽ ചേർത്തു നിർത്തിയിരിക്കുകയായിരുന്നുവെന്നും തുടർന്ന് വാഹനം നിർത്തി ചെല്ലുമ്പോൾ ‘ഞങ്ങളാടി തല്ലിയേ, നീ എന്തു ചെയ്യുമെടീ’ എന്ന് ആക്രോശിച്ചു തന്റെ നേർക്കു തിരിഞ്ഞുവെന്നും നിഷ ആരോപിച്ചു. മെമ്പറാണെങ്കിൽ അഞ്ചു മണിക്കു ശേഷം വാർഡിലിറങ്ങിയാൽ കാലു വെട്ടും എന്ന് ഭീഷണിപ്പെടുത്തിയതായും നിഷ വ്യക്തമാക്കി.
Post Your Comments