തൃക്കാക്കര: ട്വന്റി ട്വന്റി അനുഭാവികളുടെ വോട്ട് സ്വാഗതം ചെയ്ത് സിപിഐഎം വീണ്ടും. കിറ്റക്‌സ് ഉടമയും ട്വന്റി 20 ചീഫ് കോഡിനേറ്ററുമായ സാബു എം ജേക്കബിനെ പരിഹസിച്ച കുന്നത്തുനാട് എംഎല്‍എ, പി വി ശ്രീനിജനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവ് രംഗത്തെത്തി. പാര്‍ട്ടി നേതൃത്വം പറയുന്നതാണ് സിപിഐഎമ്മിന്റെ നിലപാടെന്ന് വ്യവസായ മന്ത്രി വ്യക്തമാക്കി.
എല്‍ഡിഎഫിനോട് വിയോജിപ്പുള്ള ട്വന്റി 20 അനുകൂലികള്‍ പോലും വികസനം മുന്നില്‍ കണ്ട് മികച്ച സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന് വോട്ട് ചെയ്യുമെന്നും പി രാജീവ് പ്രതികരിച്ചു. സാബു എം ജേക്കബിനെ പരിഹസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലിനേത്തുടര്‍ന്ന്, പി വി ശ്രീനിജന്‍ പിന്‍വലിച്ചിരുന്നു. തങ്ങളോട് വോട്ട് അഭ്യര്‍ത്ഥിച്ചാല്‍ മാത്രം പോര, കിറ്റെക്‌സിലെ റെയ്ഡില്‍ ശ്രീനിജന്‍ മാപ്പ് പറയണമെന്നായിരുന്നു സാബു എം ജേക്കബ് പറഞ്ഞത്.
എന്നാല്‍, ‘ആരുടെ കൈയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ….ഒരാള്‍ക്ക് കൊടുക്കാനാണ്…..’ എന്നായിരുന്നു ശ്രീനിജന്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്. ട്വന്റി ട്വന്റിയുടെയോ സാബു എം ജേക്കബിന്റെയോ പേര് പരാമര്‍ശിക്കാതെയാണ് മറുപടി. ഈ പോസ്റ്റാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചത്. ട്വന്റി ട്വന്റി നേതാക്കളേയും പ്രവര്‍ത്തകരേയും പ്രകോപിപ്പിക്കേണ്ടെന്ന സിപിഐഎം നിലപാടിനേത്തുടര്‍ന്നാണിതെന്നാണ് സൂചന.
പിന്നാലെയാണ് പി രാജീവിന്റെ പ്രതികരണം. ‘പാര്‍ട്ടിയുടെ അഭിപ്രായം പാര്‍ട്ടി നേതൃത്വമാണല്ലോ എപ്പോഴും പറയുക. ആരെങ്കിലും എന്തെങ്കിലും അത് സംബന്ധിച്ച് പറഞ്ഞതായി എനിക്കറിയില്ല. ഞങ്ങള്‍ കൃത്യമായി പറഞ്ഞത്, ആം ആദ്മി പാര്‍ട്ടി രൂപം കൊണ്ടത് കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ രാഷ്ട്രീയ രൂപമായിട്ടാണ്. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നത് കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിതിനെ പരാജയപ്പെടുത്തിയിട്ടാണ്.’
‘ഭരണവുമായി ബന്ധപ്പെട്ട ഒരു കാര്യവും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നേ ഇല്ല. വികസനം മുന്നോട്ടുകൊണ്ടുപോകാന്‍ മികച്ച സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന് അല്ലാതെ മറ്റൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ ട്വന്റി ട്വന്റിയുടെ വോര്‍ട്ടര്‍മാര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഞങ്ങളോട് ചില വിയോജിപ്പുള്ളവര്‍ക്ക് പോലും..’ രാജീവ് കൂട്ടിച്ചേർത്തു.
Post Your Comments