തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന്. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് രാവിലെ 10 :50 ന് പണ്ടാര അടുപ്പില്‍ തീ തെളിക്കും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ തീ പകർന്നശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറും. ഉച്ചയ്ക്ക് 1:20 നാണ് പൊങ്കാല നിവേദ്യം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമാണ് നടക്കുക. 1500 പേര്‍ക്ക് പൊങ്കാല നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കുന്നവരെ തെരഞ്ഞെടുക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിച്ചത്.
Read Also : ഹല്‍ദി ചടങ്ങുകൾ കാണാൻ സ്ത്രീകള്‍ കിണറിന് മുകളില്‍ കയറി: 11 പേർക്ക് ദാരുണാന്ത്യം
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പൊങ്കാല വീടുകളില്‍ മാത്രമായി ഒതുങ്ങുന്നത്. മുന്‍വര്‍ഷങ്ങളിലേത് പോലെ ഇല്ലെങ്കിലും നിരത്തുകളില്‍ വിറകും കൊതുമ്പും ചുടുകട്ടയും മണ്‍കലങ്ങളും വഴിയരികില്‍ വില്‍പ്പനക്കെത്തിയിരുന്നു. വീടുകളിലെ പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
രാത്രി 7.30ന് കുത്തിയോട്ടം ചൂരൽകുത്ത് നടക്കും. 10.30-ന് പുറത്തെഴുന്നള്ളിപ്പും വെള്ളിയാഴ്ച രാത്രി 9.45ന് കാപ്പഴിക്കലും നടത്തും. പുലർച്ചെ ഒന്നിന് കുരുതിതർപ്പണത്തോടെ സമാപിക്കും. മന്ത്രി വി ശിവൻകുട്ടി രാത്രിയോടെ ആറ്റുകാൽക്ഷേത്രത്തിലെത്തി സജ്ജീകരണങ്ങൾ വിലയിരുത്തി.
Post Your Comments