തിരുവനന്തപുരം: കർണാടകയിലെ കോളേജുകളിൽ നടക്കുന്ന ഹിജാബ് അഴിപ്പിക്കുന്ന നടപടി പ്രാകൃതവും ലജ്ജാകരവുമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൌലവി . ഭരണഘടനയുടെ 25 ആം അനുച്ഛേദത്തിന്‍റെ ലംഘനമാണിതെന്നും ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടേതായ വസ്ത്ര സ്വാതന്ത്യം അനുവദിച്ച് കൊടുത്തുകൊണ്ടാണ് ഇത്രയും കാലം മുന്നോട്ട് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
പൂണുല്‍ ധരിക്കുന്നവരും പൊട്ട് തൊടുന്നവരും രുദ്രാക്ഷം കെട്ടുന്നവരും തലപ്പാവ് അണിയുന്നവരുമെല്ലാം നമ്മുടെ രാജ്യത്തുണ്ടെന്നും ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കല്‍ കടുത്ത അനീതിയും വിവേചനവുമാണെന്നും ഇമാം കൂട്ടിച്ചേർത്തു. ഇത്തരം നടപടികളിലൂടെ ഒരു സമുദായത്തിന്‍റെ വികാരം വൃണപ്പെടുത്തുക മാത്രമല്ലെന്നും നമ്മുടെ രാജ്യം ലോകത്തിന് മുന്നില്‍ നാണം കെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ കര്‍ണാടകത്തില്‍ ഇന്നും പരീക്ഷ എഴുതാൻ അധികൃതർ അനുവദിച്ചില്ല. ഹിജാബ് അഴിച്ചുമാറ്റാതെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കില്ലെന്നാണ് അധ്യാപകര്‍ വ്യക്തമാക്കി. ഹിജാബ് ധരിച്ചാണ് ഇതുവരെ പരീക്ഷ എഴുതിയിട്ടുള്ളതെന്നും ഹിജാബ് അഴിച്ചുമാറ്റില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ നിലപാട് എടുത്തു. ഇതോടെ വാക്കുതര്‍ക്കമായി. വിദ്യാര്‍ത്ഥിനികള്‍ പരീക്ഷാഹാളിന് മുന്നില്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചെങ്കിലും ആരെയും പരീക്ഷ എഴുതാൻ അനുവദിച്ചില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വിഷയത്തിൽ സര്‍ക്കാര്‍ വിശദീകരണം നല്കി.
Post Your Comments