ഒട്ടാവ: 50 വര്‍ഷങ്ങള്‍ക്കിപ്പുറം കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയില്‍ ഫ്രീഡം കണ്‍വോയ് പ്രതിഷേധങ്ങളെ എമര്‍ജന്‍സി പവര്‍ ഉപയോഗിച്ച് തടയാനൊരുങ്ങി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കൊവിഡിന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനുമെതിരെ റോഡില്‍ ട്രക്കുകള്‍ നിരത്തി നടത്തുന്ന സമരപരിപാടികളെ നേരിടാനാണ് ട്രൂഡോ പുതിയരീതി സ്വീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി എമര്‍ജന്‍സി പവര്‍ ഉപയോഗിക്കാനുള്ള തീരുമാനം ട്രൂഡോ എടുത്തത്. വളരെ വിരളമായി മാത്രമാണ് എമര്‍ജന്‍സി പവര്‍ രാജ്യത്ത് ഉപയോഗിക്കുന്നത്.
കാനഡയില്‍ താരതമ്യേന സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കെ, എമര്‍ജന്‍സി പവര്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ മാത്രം സംഭവമാണ് ഇത്. ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായി പിയറി ട്രൂഡോയുടെ ഭരണകാലത്താണ് മുമ്പ് എമര്‍ജന്‍സി പവര്‍ ഉപയോഗിച്ചിട്ടുള്ളത്. 1970ലെ ഒക്ടോബര്‍ ക്രൈസിസ് സമയത്തായിരുന്നു ഇത്.
‘എമര്‍ജന്‍സി ആക്ട് നടപ്പില്‍ വരുത്തിയിരിക്കുകയാണ് ഫെഡറല്‍ ഗവണ്‍മെന്റ്. പൊതുസ്ഥലങ്ങളും അതിര്‍ത്തികളും കയ്യേറിയുള്ള സമരങ്ങളെ നേരിടുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതിന് വേണ്ടിയാണിത്’- വാര്‍ത്താ സമ്മേളനത്തില്‍ ട്രൂഡോ പറഞ്ഞു. സമരം നേരിടാന്‍ നിലവിലെ സ്ഥിതിയില്‍ പട്ടാളത്തെ വിന്യസിക്കില്ലെന്നും, എന്നാല്‍ സമരക്കാരെ അറസ്റ്റ് ചെയ്യാനും ട്രക്കുകള്‍ പിടിച്ചെടുക്കാനും സമരത്തിന്റെ ഫണ്ടിങ് നിരോധിക്കാനുമുള്ള അധികാരം കൂടുതലായി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments