ചാലക്കുടി: മേലൂരിൽ നിർമാണത്തിലിരിക്കുന്ന വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. പൂലാനി കുറുപ്പത്ത് ആലപ്പാടൻ വീട്ടിൽ ഡെന്നിയുടെ പുതിയ വീടിന്റെ വിലയേറിയ പ്രധാന വാതിൽ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു.
രണ്ടാഴ്ച മുമ്പ് ഇതേ വീടിന്റെ പോളിഷ് ചെയ്ത പ്രധാന വാതിൽ, മുൻവശത്തെ ചുവർ എന്നിവ രാത്രിയിൽ ആരോ പെയിന്റ് ഒഴിച്ച് വൃത്തികേടാക്കിയിരുന്നു. അതിനെതിരെ പരാതി നിലനിൽക്കവേയാണ് തിങ്കളാഴ്ച പുലർച്ച വീടിന്റെ വാതിൽ തീ കൊളുത്തി നശിപ്പിച്ചത്. ഗൃഹപ്രവേശനത്തിനായി തയാറെടുപ്പ് നടത്തവേയാണ് അജ്ഞാതർ രാത്രിയിൽ വന്ന് പെയിന്റ് ഒഴിച്ചത്. വീട്ടിലെ മറ്റു പണികൾക്കായി വെച്ചിരുന്ന പെയിന്റാണ് ഇതിനായി ഉപയോഗിച്ചത്.
Read Also : ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്ന്: അപൂർവ്വ നേട്ടം കൈവരിച്ച് ഇന്ത്യ
രണ്ട് വീട് അപ്പുറത്താണ് ഇവർ താമസിക്കുന്നത്. തങ്ങൾക്ക് ആരും ശത്രുക്കളായി ഇല്ലെന്ന് ഇവർ പറയുന്നു. മകൻ വിദേശത്തു നിന്ന് ജോലിയെടുത്ത് സ്ഥലം വാങ്ങിയാണ് പുതിയ വീട് നിർമിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് വീട്ടുകാർ കൊരട്ടി പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം നേരത്തേയുണ്ടായ സംഭവത്തിൽ പൊലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല.
Post Your Comments