തിരുവനന്തപുരം: ഇന്ന് ഫെബ്രുവരി 14 പ്രണയദിനമായി കമിതാക്കൾ ആഘോഷിക്കവെ പ്രണയ ദിന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രണയിക്കുന്നതും പ്രണയാഭ്യർത്ഥന തിരസ്കരിക്കുന്നതും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും പ്രണയം തകരുമ്പോഴും തിരസ്കരിക്കപ്പെടുമ്പോഴും കാമുകിയെ ഉപദ്രവിക്കുന്നതും കൊലപ്പെടുത്തുന്നതും നീതിയല്ലെന്നും വിഡി സതീശൻ വ്യക്തമാക്കി. തിരസ്കരണങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാർഥ കരുത്തരെന്നും വിഡി സതീശൻ ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാനത്ത് പ്രണയ നൈരാശ്യമെന്ന പേരിൽ പങ്കാളിയെ കൊലപ്പെടുത്തുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് വിഡി സതീശന്റെ കുറിപ്പ്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
എനിക്ക് നിങ്ങളെ ഇഷ്ടമാണ് എന്നതിന്റെ മറുവശമാണ് എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്നത്. പ്രണയിക്കാനും തിരസ്കരിക്കാനുമുള്ള അവകാശം അവന്റേയും അവളുടേയും വ്യക്തി സ്വാതന്ത്രമാണ്. പ്രണയം നിരസിക്കപ്പെടുന്നതും തിരസ്കൃതനാക്കപ്പെടുന്നതും വേദനാജനകമായിരിക്കും. പക്ഷേ അതിനുള്ള അവകാശവും സ്വതന്ത്രവും മറ്റേയാൾക്കും ഉണ്ടെന്ന് തിരിച്ചറിയുക. പ്രണയം തകരുമ്പോഴോ തിരസ്കരിക്കപ്പെടുമ്പോഴോ പ്രണയിനിയെ കായികമായി നേരിടുന്നതും ഇല്ലാതാക്കുന്നതും നീതിയല്ല. അത്രമേൽ സ്നേഹിച്ചതിന് ശേഷം പ്രാണൻ എടുക്കാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നത്?
ഒരാൺകുട്ടിക്ക്, പുരുഷന് അങ്ങനെ തോന്നുന്നുവെങ്കിൽ അത് ആൺ മേൽക്കോയ്മയിൽ നിന്നുണ്ടാകുന്നതാണ്. അതൊരു സാമൂഹിക അപചയമാണ്. പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണ്. പ്രിയപ്പെട്ട ആൺകുട്ടികളെ നിങ്ങളത് തിരിച്ചറിയണം. ഞാൻ മാത്രമാണ് ശരിയെന്ന് കരുതരുത്. പ്രണയം സ്വത്തവകാശം പോലെയെന്ന് ധരിക്കുകയും ചെയ്യരുത്. ആരും ആരുടേയും സ്വകാര്യ സ്വത്തല്ല. പ്രണയങ്ങൾ ഊഷ്മളമാകണം. അവിടെ സ്നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണം. ശൂന്യതയുടെ നിമിഷങ്ങൾ ഉണ്ടാകരുത്. അത്തരം പ്രണയങ്ങളിൽ പകയും ക്രൗര്യവും ഉണ്ടാകില്ല. തിരസ്കരണങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാർഥ കരുത്തർ.”
Post Your Comments