ന്യൂഡൽഹി: പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിക്കായി കേന്ദ്രം ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ. ഖാലിസ്ഥാന്റെയും കർഷക സംഘടനകളെന്ന പേരിൽ ചില രാഷ്ട്രീയ എതിരാളികളുടെയും ഭീഷണികൾ കണക്കിലെടുത്താന് ഇത്തവണ കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞത് ഏറെ വിവാദമുണ്ടാക്കിയ സംസ്ഥാന സർക്കാരിന്റെ അനാസ്ഥകളിൽ ഒന്നായിരുന്നു. ഇത്തവണ അതുകൊണ്ടു തന്നെ മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നിയുടെ ഹെലികോപ്ടറിന് അനുമതിയില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഞ്ചാരപഥത്തിലായതിനാൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു ഛന്നിയുടെ ഹെലികോപ്റ്ററിന് അനുമതി നൽകാതിരുന്നത്.ചണ്ഡിഗഡിലെ രാജേന്ദ്ര പാർക്കിൽനിന്നു ടേക്ക് ഓഫ് ചെയ്യാനാണു ഛന്നി നിശ്ചയിച്ചിരുന്നത്. എന്നാൽ, പ്രധാനമന്ത്രിയുടെ സഞ്ചാരപഥത്തിന്റെ ഭാഗമായതിനാൽ പ്രദേശം പറക്കൽ നിരോധിതമാണെന്നു (നോ ഫ്ലൈ സോൺ) ചൂണ്ടിക്കാട്ടി അനുമതി നൽകിയില്ല. ജലന്ധറിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലി.
ഇതോടെ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലിയിൽ ചന്നിക്ക് പങ്കെടുക്കാൻ കഴിയില്ല. സംഭവത്തിൽ കോൺഗ്രസ് പുതിയ ആരോപണവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഹോഷിയാർപൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര കേന്ദ്രം തടഞ്ഞെന്ന് കോൺഗ്രസ് ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലാണ് പിന്നിലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. പിന്നിൽ രാഷ്ട്രീയ നീക്കമാണെന്നും എന്തുകൊണ്ട് തന്റെ ഹെലികോപ്ടറിന് അനുമതി നിഷേധിച്ചെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നിയും ആവശ്യപ്പെട്ടു.
ഖാലിസ്ഥാൻ ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ ഭീഷണിക്കിടെയാണ് പഞ്ചാബിലെ ജലന്ധറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കുന്നത്. ഇന്നും 16,17 തിയതികളിലുമായി മാൾവ, ദോബ, മജ എന്നീ മൂന്ന് മേഖലകൾ ഉൾക്കൊള്ളുന്ന റാലികളിലാണ് നരേന്ദ്ര മോദി പങ്കെടുക്കുന്നത്.
ഇന്ന് ജലന്തറിലും 16ന് പത്താൻ കോട്ടിലും 17ന് അബോഹറിലുമാണ് ആദ്യ റാലികൾ. ജലന്തർ, കപൂർത്തല, ഭട്ടിൻഡ എന്നീ മേഖലകളിലെ 27 നിയമസഭാ മണ്ഡലങ്ങളിൽ ബുധനാഴ്ച നടത്താനിരുന്ന നരേന്ദ്ര മോദിയുടെ വെർച്വൽ റാലി റദ്ദാക്കിയ ശേഷമാണ് ഇന്നും 16,17 തിയതികളിലുമായി നടക്കുന്ന റാലികളിൽ അദ്ദേഹം പങ്കെടുക്കുമെന്നറിയിച്ചത്.
Post Your Comments