ന്യൂഡല്‍ഹി: ചണ്ഡിഗഡ് എയര്‍പോര്‍ട്ടില്‍ വെച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്തുണച്ച് കര്‍ഷക നേതാക്കള്‍. സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയായ പഞ്ചാബ് കപൂര്‍ത്തല സ്വദേശി കുല്‍വീന്ദര്‍ കൗറിനെതിരെ കങ്കണയുടെ പരാതിയില്‍ ചണ്ഡിഗഡ് പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍ രംഗത്തെത്തിയത്.
Read Also: ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാതശിശു മരിച്ചു: മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം
വിമാനത്താവളത്തില്‍ വെച്ച് കുല്‍വീന്ദര്‍ കൗര്‍ കങ്കണയുടെ മുഖത്തടിച്ചെന്നാണ് പരാതി. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. കുല്‍വീന്ദര്‍ കൗറിനും കുടുംബത്തോടും ഒപ്പം നില്‍ക്കുന്നുവെന്നും എന്ന് പഞ്ചാബില്‍ സമരം ചെയ്യുന്ന കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
പഞ്ചാബിലെ കര്‍ഷകര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ കങ്കണ മാപ്പ് പറയണമെന്നും കങ്കണ നേരത്തെയും മയക്കുമരുന്ന് ഉപയോഗിച്ച് പലര്‍ക്കും എതിരെ മോശം ആരോപണങ്ങള്‍ ഉന്നയിച്ചതാണെന്നും വിഷയം കൃത്യമായി അന്വേഷിക്കും മുമ്പ് ഉദ്യോഗസ്ഥക്ക് എതിരെ കേസെടുത്തത് അംഗീകരിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയെതര വിഭാഗം) നേതാവ് ജഗ്ജീത് സിംഗ് ധല്ലേവാള്‍ പറഞ്ഞു.
ചണ്ഡിഗഡ് എയര്‍പോര്‍ട്ടില്‍ വച്ച് സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ മുഖത്തടിച്ചെന്ന കങ്കണ റാണാവത്തിന്റെ പരാതിയില്‍ കുല്‍വീന്ദര്‍ കൗറിനെ സിഐഎസ്എഫ് സസ്പെന്‍ഡ് ചെയ്തിരുന്നു. ആരോപണമുയര്‍ന്ന് 3 മണിക്കൂറിനുള്ളിലാണ് നടപടി ഉണ്ടായത്. ഡല്‍ഹി സിഐഎസ്എഫ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേര്‍ന്നാണ് വനിതാ കോണ്‍സ്റ്റബിളിനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സിഐഎസ്എഫ് അറിയിച്ചു
വിമാനത്താവളത്തിലെ സുരക്ഷ പരിശോധനക്കിടെ ഇന്നലെ ഉച്ചയ്ക്ക് 3.30 നാണ് സംഭവം നടന്നത്. സിഐഎസ്എഫ് വനിത ഉദ്യോഗസ്ഥ മര്‍ദ്ദിച്ചെന്ന പരാതിയുമായി കങ്കണ സോഷ്യല്‍ മീഡയയിലൂടെയാണ് രംഗത്തെത്തിയത്. പിന്നീട് പരാതി നല്‍കുകയും ചെയ്തു. സമരം ചെയ്യുന്ന കര്‍ഷകര്‍ ഖാലിസ്ഥാനികളാണെന്ന കങ്കണയുടെ മുന്‍ പ്രസ്താവനയാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കങ്കണ ആഭ്യന്തരമന്ത്രാലയത്തിനും പരാതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments