തൃശ്ശൂർ: തുറന്ന സേഫ്റ്റി പിന്‍ വിഴുങ്ങി ജീവന്‍ അപകടത്തിലായ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിൽ നടത്തിയ ശസ്ത്രക്രിയ വിജയിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് മണ്ണുത്തി വല്ലച്ചിറവീട്ടില്‍ വിനോദിന്റെയും ദീപയുടെയും മകനായ ആൺകുഞ്ഞിന് നിർണായക ശസ്ത്രക്രിയ നടത്തിയത്. ജനുവരി 19 ന് രാത്രിയാണ് കുഞ്ഞിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചത്. നേരത്തെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞിനെ ചികിത്സിച്ചിരുന്നത്. ആശുപത്രിയില്‍ എത്തുന്നതിനും രണ്ടാഴ്ച മുന്‍പെങ്കിലും കുഞ്ഞ് സേഫ്റ്റി പിന്‍ വിഴുങ്ങിയിരുന്നെങ്കിലും വൈകിയാണ് മറ്റുള്ളവർ വിവരം അറിയുന്നത്.
ബോധരഹിതമായ അവസ്ഥയിലാണ് കുഞ്ഞിനെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിനെ ഉടന്‍ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. പരിശോധനയ്ക്കിടെ തലച്ചോറില്‍ പഴുപ്പ് കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയക്ക് ഒരുങ്ങുന്നതിനിടെ കുഞ്ഞിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു. അതോടെ കുഞ്ഞിനെ കൊവിഡ് ഐസിയുവിലേക്ക് മാറ്റി. കൊവിഡ് നെഗറ്റീവായതിനു ശേഷം ന്യൂറോ സര്‍ജറി വിദഗ്ധര്‍ തലച്ചോറിലെ പഴുപ്പ് നീക്കം ചെയ്തു. ഇതോടെ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് അന്നനാളത്തില്‍ സേഫ്റ്റി പിന്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയത്.
ഉടന്‍ തന്നെ ശിശുരോഗ ശസ്ത്രക്രിയാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി പിന്‍ പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയയിൽ അന്നനാളത്തിലെ പഴുപ്പും നീക്കം ചെയ്തു. സേഫ്റ്റി പിന്‍ അന്നനാളത്തില്‍ കുടുങ്ങിയതിനെ തുടർന്ന് ഉണ്ടായ പഴുപ്പാണ് കുഞ്ഞിന്റെ തലച്ചോറിലേക്കും വ്യാപിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സേഫ്റ്റി പിൻ നീക്കം ചെയ്തതോടെ കുഞ്ഞ് അപകടനില തരണം ചെയ്തു. ഇപ്പോള്‍ കുട്ടി ഭക്ഷണം കഴിക്കുന്നുണ്ട്. അടുത്ത പത്ത് ദിവസങ്ങൾക്കുള്ളിൽ കുഞ്ഞിന് ആശുപത്രി വിടാൻ കഴിയുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Post Your Comments