MalappuramKeralaNattuvarthaLatest NewsNews

വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷത്തിൽ സൗജന്യ ഊണ് വിളമ്പി കുടുംബശ്രീ ഹോട്ടൽ

സിഡിഎസ് അംഗവും കുടുംബശ്രീ ഹോട്ടലിന്റെ നടത്തിപ്പുകാരിയുമായ കെ.സി നിർമ്മലയാണ് സൗജന്യ ഊണ് ഒരുക്കാൻ തീരുമാനിച്ചത്.

മലപ്പുറം: വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷത്തില്‍ കുടുംബശ്രീ ഹോട്ടല്‍ സൗജന്യ ഊണ് വിളമ്പി. മലപ്പുറം ജില്ലയിലെ വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടലാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാൻ എത്തിയവര്‍ക്ക് സൗജന്യ ഊണ് വിളമ്പിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വിഭവ സമൃദ്ധമായിരുന്നു കുടുംബശ്രീ പ്രവർത്തകരുടെ ഈ സൗജന്യ ഊണ്. ചോറ്, സാമ്പാര്‍, മീന്‍കറി, ഉപ്പേരി, കൂട്ടുകറി, ചമ്മന്തി, മസാലക്കറി, പപ്പടം, അച്ചാര്‍, പായസം എന്നിവയാണ് ഇവർ സൗജന്യ ഊണിൽ വിളമ്പിയത്. പതിവ് പോലെ ആൾക്കാർ ഭക്ഷണം കഴിച്ച് കൗണ്ടറില്‍ എത്തിയപ്പോൾ കാഷ്യര്‍ പണം വാങ്ങിയില്ല. ഇന്നത്തെ ഊണിന് പണം വേണ്ടെന്നും, വാവ സുരേഷ് ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതിന്റെ സന്തോഷത്തിനാണ് ഇന്നത്തെ ഊണ് എന്നും ജീവനക്കാർ ഉപഭോക്താക്കളെ അറിയിച്ചു.

Also read: ‘അവർ എന്റെ ജീവിതം വെച്ചാണ് കളിക്കുന്നത്, ഇങ്ങനെ പല കള്ളക്കേസുകളും വരും’: കൊച്ചി പോക്സോ കേസ് പ്രതിയുടെ സഹായി അഞ്ജലി

സിഡിഎസ് അംഗവും കുടുംബശ്രീ ഹോട്ടലിന്റെ നടത്തിപ്പുകാരിയുമായ കെ.സി നിർമ്മലയാണ് സൗജന്യ ഊണ് ഒരുക്കാൻ തീരുമാനിച്ചത്. ‘പ്രതിഫലം വാങ്ങാതെ പാമ്പുകളെ പിടിച്ച് ആൾക്കാരുടെ ജീവന്‍ രക്ഷിക്കുന്ന വാവ സുരേഷ് പാമ്പുകടിയേറ്റ് ചികിത്സയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ തീരുമാനിച്ചതാണ്, അദ്ദേഹം രോഗം ഭേദമായി തിരിച്ചെത്തിയാല്‍ ആഘോഷിക്കുമെന്ന്’ കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു. എല്ലാവരും കൂടിയാലോചിച്ചാണ് സൗജന്യ ഭക്ഷണം നൽകാൻ തീരുമാനിച്ചതെന്ന് നിർമ്മല മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് കാലത്തും കുടുംബശ്രീ നടത്തുന്ന ഈ ഹോട്ടല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ഇവർ രണ്ട് ജോലിക്കാര്‍ക്ക് വീട് വെച്ച് നല്‍കുകയും ചെയ്തു. 27 പേര്‍ക്ക് തയ്യല്‍ മെഷീനും ഇവർ വാങ്ങി നല്‍കി. ദിവസവും 20 പൊതിച്ചോര്‍ വരെ ഈ കുടുംബശ്രീ ഹോട്ടൽ താലൂക്ക് ആശുപത്രിയിലേക്കും തെരുവില്‍ അലയുന്നവര്‍ക്കും നൽകാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button