മലയാളിയുടെ പൈസ പോകുന്ന വഴി നോക്കിയാൽ അതിനൊരു അന്തവും കുന്തവും കാണില്ല. കഷ്ടപ്പെട്ട് നമ്മൾ ഉണ്ടാക്കുന്നു അതുപോലെ കോർപ്പറേറ്റ് തിരികെ കൊണ്ടു പോകുന്നു. ഉദാഹരണത്തിന്, ഒരു ഷോപ്പിൽ പോയി കഴിഞ്ഞാൽ ആവശ്യമുള്ള സാധനങ്ങൾക്ക് പുറമേ നമ്മൾ വാങ്ങുന്ന ലൈസ്, നൂഡിൽസ്, ശീതള പാനീയങ്ങൾ, ഇവയൊക്കെ യഥാർത്ഥത്തിൽ നമുക്ക് വേണ്ടത് തന്നെയാണോ. ഒരിക്കലുമല്ല, ഇവയെല്ലാം നമുക്ക് മേൽ അടിച്ചേൽപ്പിക്കുന്നതാണ്. കോർപ്പറേറ്റുകൾ ഒരു പ്രൊഡക്ട് ഉൽപാദിപ്പിക്കുമ്പോൾ അതിനോട് കൂടെ തന്നെ ആളുകൾ അത് വാങ്ങിക്കാൻ ഉള്ള ഒരു സാമൂഹിക സാഹചര്യം കൂടി രൂപപ്പെടുന്നുണ്ട്. മരുന്ന് വിൽക്കാൻ വേണ്ടി മാത്രം രോഗമുണ്ടാക്കുന്നത് പോലെ.
കുട്ടികളുടെ നിർബന്ധത്തിനോ, അതുമല്ലെങ്കിൽ നമ്മളുടെ ഒരു നേരത്തെ തോന്നലിനോ വേണ്ടിയാണ് കഷ്ടപ്പെട്ട പണം കൊടുത്ത് നമ്മൾ അനാവശ്യമായ ഒരു വസ്തു വാങ്ങുന്നത്. യഥാർത്ഥത്തിൽ മാർക്കറ്റിൽ ലഭ്യമായ ഏതു വസ്തുവിനാണ് കൃത്യമായ ആരോഗ്യഗുണങ്ങൾ ഉള്ളത്. എല്ലാം നമുക്ക് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡുമെല്ലാം നമ്മളുടെ ഒരു തലമുറ മുതൽക്ക് വരാനിരിക്കുന്ന തലമുറ വരേയ്ക്ക് നരകിക്കുന്ന തരത്തിലുള്ള രോഗങ്ങളാണ് തന്നു പോകുന്നത്. ജീവിതശൈലി രോഗങ്ങൾ ആണ് കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത് വെറുതെ ഉണ്ടാവുന്നതല്ല, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്നതാണ്.
നമ്മൾ എന്തു വാങ്ങണം എന്ന് തീരുമാനിക്കുന്നത് യഥാർത്ഥത്തിൽ കോർപ്പറേറ്റുകളാണ്. നമ്മൾ എന്തുടുക്കണം എന്നും നമ്മൾ എന്ത് പഠിക്കണം എന്നുവരെ തീരുമാനിക്കുന്നത് കോർപ്പറേറ്റുകളാണ്. ആകർഷണീയമായ പരസ്യങ്ങൾ മൂലമാണ് നമ്മൾ കോർപ്പറേറ്റുകൾക്ക് അടിമപ്പെട്ടു പോകുന്നത്. കുട്ടിക്കാലം മുതൽക്കേ കാണുന്നതാണ് നമ്മൾ പരസ്യങ്ങൾ. മാഗി മുതൽ സാമ്പാർ പൊടി വരെ പരസ്യത്തിലുണ്ട്. എന്തിനേറെപ്പറയുന്നു ഒരു രൂപയുടെ ച്യുയിഗത്തിന് പോലും പരസ്യമുണ്ട്. ഇതൊക്കെ അനാവശ്യമാണെന്ന് അറിഞ്ഞിട്ടു കൂടി നമ്മൾ ഇത് വാങ്ങേണ്ടിവരുന്നു. സ്വയം വാങ്ങിയില്ലെങ്കിലും മറ്റുള്ളവർക്കുവേണ്ടി നമ്മൾ നിർബന്ധിതരാവുകയാണ്.
മനുഷ്യൻ എപ്പോഴും പുതുമകൾ തിരയുന്നവൻ ആണ്, അവനെ പുതിയത് നൽകിക്കൊണ്ട്, അത് രുചി ആകട്ടെ വസ്ത്രം ആകട്ടെ എല്ലാം കോർപ്പറേറ്റുകൾ നൽകുന്നുണ്ട്. നമ്മൾ വാങ്ങുന്ന വസ്തുവിന് യാതൊരു മൂല്യവും ഇല്ലെങ്കിലും അത് വാങ്ങാനുള്ള സാഹചര്യമൊരുക്കാൻ കോർപ്പറേറ്റുകൾക്ക് കഴിയും. പേപ്പർ വാഴയിലകൾ, പാക്കുകൾ, സ്വീറ്റ്സും, അങ്ങനെ നമ്മളറിയാതെ തന്നെ നമ്മുടെ കുട്ടികളിലൂടെ നമ്മളെ അനുസരിപ്പിക്കുകയാണ് കോർപ്പറേറ്റുകൾ ചെയ്യുന്നത്. കടയിൽ പോകുമ്പോൾ പത്തു രൂപയുടെ ലൈസ് വേണമെന്ന് നിങ്ങളുടെ കുട്ടി പറഞ്ഞാൽ 10 രൂപ അല്ലേ വാങ്ങി കൊടുത്തേക്കാം എന്ന് നിങ്ങളും കരുതിയാൽ, കേരളത്തിന്റെ ഓരോ കോണിലും അതുപോലെ 10 രൂപകൾ കുമിഞ്ഞുകൂടും.
നിങ്ങൾ എപ്പോഴും വാങ്ങുന്ന വസ്തുവിന് ജീവിതത്തിന്റെ നിലനിൽപ്പിനൊപ്പം സഞ്ചരിക്കാൻ കഴിയുമോ എന്നുകൂടി നോക്കണം. ഇതൊക്കെ അനാവശ്യമാണെന്ന് ഒരാൾ ചിന്തിച്ചു തുടങ്ങിയാൽ, ആ ചിന്ത മറ്റുള്ളവരെയും ബോധവാൻമാരാക്കും. ഒരു കുടുംബത്തിൽ പ്ലാസ്റ്റിക് ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചാൽ, ആ കുടുംബവുമായി ബന്ധപ്പെട്ട് പലരും അതേ തീരുമാനങ്ങൾ എടുത്തേക്കും. അതെ നമുക്ക് വേണ്ടത് മാത്രം വാങ്ങുക, രുചി കളെക്കാൾ ആരോഗ്യത്തിന് പ്രാധാന്യം നൽകുക. കോർപ്പറേറ്റുകളുടെ കൃത്യമായ അജണ്ട മനസ്സിലാക്കുക. അത് കുട്ടികൾക്കും, മറ്റുള്ളവർക്കും പകർന്നു നൽകുക. നമ്മളുടെ അനുവാദത്തോടെ തന്നെ നമ്മളുടെ പോക്കറ്റടിക്കാൻ നിൽക്കുന്നവരെ സൂക്ഷിക്കുക.
-സാൻ
Post Your Comments