തൃശ്ശുർ: തൃശ്ശുർ – പാലക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ, ബന്ധുക്കളുടെ ആരോപണം അന്വേഷിക്കാൻ പാലക്കാട് എസ്പി പ്രത്യേക സംഘത്തെ നിയോഗിച്ചു. ദുർബല വകുപ്പുകൾ മാത്രമാണ് ഡ്രൈവർക്കെതിരെ ചുമത്തിയത് എന്ന പരാതി ഉൾപ്പെടെ പരിശോധിക്കും. മരിച്ച യുവാക്കളുടെ ബന്ധുക്കൾ, സംഭവം നടന്ന സമയത്ത് ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ എന്നിവരുടെ വിശദമായ മൊഴിയും പൊലീസ് അടുത്ത ദിവസം തന്നെ രേഖപ്പെടുത്തും.
തിങ്കളാഴ്ച രാത്രിയാണ് ദേശീയ പാതയിൽ കുഴൽമന്ദത്തിന് സമീപം കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് കാവശ്ശേരി സ്വദേശി ആദർശ്, കാസർഗോഡ് സ്വദേശി സാബിത്ത് എന്നിവർ കൊല്ലപ്പെട്ടത്. അപകടകരമായ രീതിയിൽ ബസ് ട്രാക്ക് മാറി ബൈക്കിനെ മറിച്ചിടുന്ന ദൃശ്യങ്ങൾ പിന്നാലെ വന്നിരുന്ന കാറിലെ ഡാഷ് ബോർഡ് ക്യാമറയിൽ കൃത്യമായി പതിഞ്ഞിരുന്നു. എന്നാൽ പൊലീസ് ഡ്രൈവർക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തതെന്നും, ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഇരുവരുടെയും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് കുഴൽമന്ദം സിഐ യുടെ നേതൃത്വത്തിലുളള സംഘത്തെ പാലക്കാട് എസ്‌പി അന്വേഷണത്തിന് നിയോഗിച്ചത്. മരിച്ച യുവാക്കളുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. സംഭവം നടക്കുന്ന സമയത്ത് ബസിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ നിന്നും വിവരശേഖരണം നടത്തും. ബസ് ജീവനക്കാരുമായി യുവാക്കൾ തർക്കിച്ചിരുന്നതായും, തുടർന്നുള്ള വൈരാഗ്യത്തിലാണ് ഡ്രൈവർ ബസ് ഇടിപ്പിച്ചതെന്നും ചില യാത്രക്കാർ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് പൊലീസ് വിശദമായ മൊഴിയെടുപ്പ് നടത്തുക. ഇതിന് പുറമെ അന്വേഷണ സംഘം ദേശീയ പാതയോരത്തുളള കടകളിൽ നിന്ന് ഉൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും.
Post Your Comments