ഇടുക്കി: കഴിഞ്ഞ ദിവസം പാലക്കാട് മലമ്പുഴ ചെറാട് കുമ്പാച്ചി മലയില്‍ ട്രക്കിങ്ങിന് പോയി കുടുങ്ങിപ്പോയ ബാബുവിനെ സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെ ഇടുക്കി ജില്ലയില്‍ മുൻകൂർ അനുമതി ഇല്ലാതെയുള്ള എല്ലാ ട്രക്കിങ്ങുകളും നിരോധിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിനോദ സഞ്ചാരികൾ അനുമതി കൂടാതെ അപകടകരമായ വിധത്തിൽ ഓഫ് റോഡ് ട്രക്കിങ്ങ്, ഉയർന്ന മലകളിലേക്കുളള ട്രക്കിങ്ങ് എന്നിവ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇതിനെ തുടര്‍ന്ന്, ഫെബ്രുവരി 11 മുതൽ വിനോദ സഞ്ചാരികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി, ഇടുക്കി ജില്ലയിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെയുള്ള വിനോദ സഞ്ചാരികളുടെ അപകടകരമായ രീതിയിലുള്ള ഓഫ് റോഡ് ട്രക്കിങ്ങ്, ഉയർന്ന മലകളിലേക്കുള്ള ട്രക്കിങ്ങ് എന്നിവ ദുരന്ത നിവാരണ നിയമ പ്രകാരം നിരോധിച്ചതായി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.
ഇതോടെ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതിയില്ലാതെ നടത്തുന്ന എല്ലാ ട്രക്കിങ്ങുകളും ഭരണകൂടം അനധികൃതമായി കണക്കാക്കുകയും, ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്യും. ട്രക്കിങ്ങ് ചെയ്യുന്ന പ്രദേശം വനം വകുപ്പിന്‍റെ അധീനതയിൽ ആണെങ്കിൽ വകുപ്പിന്റെ പ്രത്യേക അനുമതിയോട് കൂടി മാത്രമേ ട്രക്കിങ്ങ് നടത്താന്‍ പാടുള്ളൂ.
Post Your Comments