കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമങ്ങൾ വഴി പുറത്തു വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ഇന്ന് തന്നെ മാനസികാരോഗ്യ കേന്ദ്രം സന്ദർശിക്കും.
കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചതാണ് യുവതി മരിക്കാൻ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. കൊലയാളിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ആശുപത്രി അന്തേവാസി തന്നെയാണ് യുവതിയെ കൊലപ്പെടുത്തിയത്. പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരോട് കൂടിയാലോചിച്ചതിനു ശേഷമാകും അറസ്റ്റ് നടപടികളിലേക്ക് കടക്കുകയെന്ന് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടു. എഡിഎംഒ ഡോ. പിയൂഷ് നമ്പൂതിരിക്കാണ് സംഭവത്തിൽ അന്വേഷണ ചുമതല.
മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ സെല്ലിൽ ഭക്ഷണം നൽകാൻ എത്തിയ ജീവനക്കാരാണ് ജിയറാം ജിലോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ ദിവസം വൈകുന്നേരം ഈ സെല്ലിലെ അന്തേവാസികൾ തമ്മിൽ തർക്കിച്ചിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. ഭർത്താവിനെ തേടി തലശ്ശേരിയിൽ എത്തിയ ജിയറാമിനെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരി 28 ന് പൊലീസ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments