കറുകച്ചാല്‍ : ഓട്ടോറിക്ഷ ഡ്രൈവറെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച ശേഷം പേഴ്‌സും പണവും തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെയും ആക്രമണം നടത്തിയ പ്രതിയും ഭാര്യയും അറസ്റ്റിൽ. സംഭവത്തില്‍ താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പി ബിജു (50), ഭാര്യ മഞ്ജു (46) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുണ്ടത്താനം പൂതുക്കുഴിയില്‍ ഓട്ടോ ഡ്രൈവറായ പ്രസാദിനെ (65) ആണ് ആക്രമിച്ച് പണം തട്ടിയെടുത്തെന്നാണ് ഇരുവര്‍ക്കുമെതിരെ ഉള്ള പരാതി. ഈ പരാതി അന്വേഷിക്കാനായാണ് പൊലീസ് വീട്ടിലെത്തിയത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ മുണ്ടത്താനത്തിന് സമീപമായിരുന്നു സംഭവം. മുണ്ടത്താനത്തുനിന്ന് ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രസാദ്. മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ ബിജു, പ്രസാദിന്റെ ഓട്ടോ തടഞ്ഞുനിര്‍ത്തിയ ശേഷം ആക്രമിക്കുകയും പോക്കറ്റില്‍ നിന്ന് 5000 രൂപയടങ്ങിയ പേഴ്‌സ് തട്ടിയെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കാലിന് പരിക്കേറ്റ പ്രസാദ് വിവരം കറുകച്ചാല്‍ പൊലീസ് സ്റ്റേഷനിലറിയിച്ച ശേഷം പാമ്പാടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
Read Also : വയനാട്ടിൽ വീണ്ടും കുരങ്ങുപനി : രോഗബാധ സ്ഥിരീകരിച്ചത് 24കാരന്
സംഭവം അന്വേഷിക്കാനായി രാത്രി ഒന്‍പതരയോടെ കറുകച്ചാല്‍ പൊലീസ് ബിജുവിന്റെ വീട്ടിലെത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബിജുവിനെ പിടികൂടുന്നതിനിടയില്‍ സി.പി.ഒ. വിനീത് ആര്‍.നായരുടെ കൈയില്‍ കടിച്ചു. മറ്റുള്ള പൊലീസുകാര്‍ ചേര്‍ന്ന് ബിജുവിനെ കീഴടക്കി. ഈ സമയം പട്ടികക്കഷണവുമായെത്തിയ ഭാര്യ മഞ്ജു സി.പി.ഒ.മാരായ പി.ടി.ബിജുലാല്‍, ബിബിന്‍ ബാലചന്ദ്രന്‍ എന്നിവരെയും ആക്രമിക്കുകയായിരുന്നു. ഇതിനിടെ വീണ്ടും രക്ഷപ്പെടാന്‍ ശ്രമിച്ച ബിജുവിനെ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.
സംഭവത്തില്‍ പരിക്കേറ്റ കറുകച്ചാല്‍ സ്റ്റേഷനിലെ മൂന്നു പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീനെ ആക്രമിച്ചതിന് മഞ്ജുവിനെതിരേ മണിമല പൊലീസും പ്രസാദിനെ ആക്രമിച്ച് പണം തട്ടിയതിന് കറുകച്ചാല്‍ പൊലീസും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Post Your Comments