അഞ്ചൽ: നൈറ്റ് പട്രോളിങ്ങിനിടെ പൊലീസ് സംഘത്തിന് നേരെ നാൽവർ സംഘം നടത്തിയ ആക്രമണത്തിൽ എസ്.ഐക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ ഭാരതീപുരം തൈപ്പറമ്പിൽ വീട്ടിൽ ജെറിൻ ജോൺസൺ (23), ഏരൂർ പുഞ്ചിരിമുക്ക് ഷിജു ഭവനിൽ ഷൈജു (41) എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന പത്തടി വേങ്ങവിള വീട്ടിൽ നൗഫൽ (40), ഏരൂർ കരിമ്പിൻകോണത്ത് വിപിൻ (42) എന്നിവർ ഒളിവിലാണ്.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പത്തടി ഭാഗത്ത് വർക്ക്ഷോപ് കേന്ദ്രീകരിച്ച് മദ്യപാനവും അക്രമവും നടക്കുന്നതായി നാട്ടുകാർ ഏരൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്.ഐ നിസാറുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയപ്പോഴാണ് സ്ഥലത്ത് മദ്യപിച്ച് കൊണ്ടിരുന്ന നാൽവർസംഘം ആക്രമിച്ചത്. ബൈക്കിന്റെ സൈലൻസർ കൊണ്ട് പൊലീസുകാരെ അടിക്കുകയും എസ്.ഐയെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു.
തുടർന്ന്, ഏരൂർ സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസെത്തിയാണ് അക്രമികളെ പിടികൂടിയത്. ഇതിനിടെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. കൈക്ക് കുത്തേറ്റ എസ്.ഐ നിസാറുദ്ദീനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി ഏരൂർ എസ്.ഐ ശരലാൽ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments