Latest NewsKeralaNews

യുഎഇ ഭരണാധികാരികളിൽ നിന്നും പ്രവാസികളിൽ നിന്നും ലഭിച്ചത് ഊഷ്മള സ്വീകരണം: നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അഞ്ചു ദിവസത്തെ സന്ദർശനത്തിനായി യു എ ഇ യിൽ എത്തിയപ്പോൾ ഊഷ്മളമായ സ്വീകരണമാണ് യുഎഇ ഭരണാധികാരികളിൽ നിന്നും മലയാളി പ്രവാസികളിൽ നിന്നും ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പ്രവാസികളോട് നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: 11 മണിയോടെ കടയിൽ എത്തിയ ആൾ 20 മിനിട്ടിൽ പുറത്തേയ്ക്ക് പോയി, കയ്യിൽ മുറിവ്: യുവതിയുടെ കൊലപാതകം, സിസിടിവി ദൃശ്യം പുറത്ത്

‘ദുബായ് എക്‌സ്‌പോ 2020 ന്റെ വേദിയിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ഹൃദ്യമായ സ്വീകരണം നൽകി. അദ്ദേഹത്തോടൊപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്‌സ് എയർലൈൻസ് ഗ്രൂപ്പ് ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ ശൈഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം തുടങ്ങിയവരുമുണ്ടായിരുന്നു. കേരളത്തിന്റെ വികസനത്തിൽ യു.എ.ഇ നൽകി വരുന്ന പിന്തുണയ്ക്ക് അദ്ദേഹത്തോട് നന്ദി അറിയിച്ചു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ മുൻകൈയ്യെടുക്കണമെന്ന്’ അദ്ദേഹത്തോട് അഭ്യർഥിക്കുകയും ചെയ്തു.

‘യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയുമായി കൂടിക്കാഴ്ച നടത്തി. യുഎഇ യും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയും വിശേഷിച്ച് കേരളവും യു എ ഇ യും തമ്മിൽ ചരിത്രപരമായ ബന്ധമാണ് നിലവിലുള്ളത്. മലയാളികൾ ഉൾപ്പെടെയുള്ളവരുടെ രണ്ടാം വീടാണ് യു എ ഇയെന്നും’ അദ്ദേഹം വ്യക്തമാക്കി.

‘യുഎഇ യിലെ പുതിയ തൊഴിൽ നിയമങ്ങൾ മലയാളികൾ അടക്കമുള്ള തൊഴിലാളികൾക്ക് ഏറെ ഉപകാരപ്രദമാണ്. നോർക്ക വെബ് സൈറ്റിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും നന്നായി മെച്ചപ്പെടുന്ന വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. യു.എ.ഇ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. ഇതിനായി സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും ഉറപ്പ് നൽകി. അബുദാബിയിൽ രാജകുടുംബാംഗവും യു എ ഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ശൈഖ് നഹ്യാന്റെ മകനും യു.എ.ഇ വിദേശകാര്യ സഹമന്ത്രിയുമായ ശൈഖ് ഷഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. യു എ ഇ യുടെ വികസനത്തിൽ മലയാളികൾ വഹിച്ച പങ്കിനെ ശൈഖ് നഹ്യാൻ പ്രകീർത്തിച്ചു. ഉന്നത ബൗദ്ധിക നിലവാരമുള്ള മലയാളികൾ യുഎഇക്ക് എന്നും മുതൽക്കൂട്ടാണെന്നും പരസ്പര സഹകരണത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ മികച്ച ഭാവി പ്രദാനം ചെയ്യുമെന്നും ശൈഖ് നഹ്യാൻ പറഞ്ഞു. കേരളത്തിൽ തുടർഭരണം ഉണ്ടായത് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഗുണകരമാകുമെന്ന് ശൈഖ് നഹ്യാൻ കൂടിക്കാഴ്ചയിൽ എടുത്തു പറഞ്ഞുവെന്ന്’ അദ്ദേഹം അറിയിച്ചു.

Read Also: സിമിയില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലേക്ക്, കാമ്പസുകളില്‍ ഇസ്ലാമികവല്‍ക്കരണം വര്‍ഷങ്ങളായി തുടരുന്നു: ആരോപണം

‘കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിച്ചതിനൊപ്പം ഇന്ത്യക്കാരോട് വിശേഷിച്ച് മലയാളികളോട് യു.എ.ഇ. ഭരണ സംവിധാനം കാണിക്കുന്ന സ്‌നേഹത്തിനും സാഹോദര്യത്തിനും അദ്ദേഹത്തോട് നന്ദി പ്രകടിപ്പിച്ചു. വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി അബുദാബി ചേംബറിൻറെ ഉന്നത തല സംഘം കേരളം സന്ദർശിക്കുന്നുണ്ട്. അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ മസ്രോയിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിന്റെ തീരുമാനം. യു എ ഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രി ഡോ: താനി ബിൻ അഹമ്മദ് അൽ സിയൂദി, യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അബ്ദുൽ മനാൻ അൽ അവാർ, യു എ ഇ ഉപപ്രധാനമന്ത്രി ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ വ്യവസായ മന്ത്രിയും അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ സുൽത്താൻ അഹമ്മദ് ബിൻ ജാബിർ എന്നിവരുമായി വിവിധ സമയങ്ങളിലായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ഉന്നമനത്തിനായി ഉതകുന്ന വിവിധ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് ഇവർ അറിയിച്ചതായും’ മന്ത്രി പറഞ്ഞു.

‘കേരളത്തിൽ വ്യവസായ മേഖലയിൽ നിക്ഷേപം നടത്തുന്നതിന് എല്ലാ പിന്തുണയും യു എ ഇ യിലെ വിവിധ വ്യവസായികൾ വാഗ്ദാനം ചെയ്തു. ഹോട്ട്പാക്ക് 200 കോടിയുടെ നിക്ഷേപം, മുരല്യ 100 കോടിയുടെ നിക്ഷേപം, ട്രാൻസ് വേൾഡ്, ഷറഫ് ഗ്രൂപ്പ് എന്നിവരും നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ചു. നോർക്ക വകുപ്പിന്റെ ഭാഗമായി യു എ ഇ യിലെ മലയാളികൾ ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. മലയാളി പ്രവാസികളുടെ സ്‌നേഹത്തിന് എന്നും കടപ്പെട്ടിരിക്കുന്നു. യു എ ഇ യിലെ എല്ലാ കൂടിക്കാഴ്ചകളിലും ഒപ്പമുണ്ടായിരുന്ന ലുലു ഗ്രൂപ്പ് ചെയർമാനും നോർക്ക വൈസ് ചെയർമാനുമായ ശ്രീ എം.എ. യൂസഫലി, യു.എ.ഇ യിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ സഞ്ജയ് സുധീർ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു. നമ്മുടെ സംസ്ഥാനത്തിൻറെ പുരോഗതിക്കുള്ള തടസ്സങ്ങൾ മറികടക്കാനുള്ള സർക്കാരിൻറെ ശ്രമങ്ങൾക്ക് വലിയ ഊർജമാണ് യു.എ.ഇയിൽ ലഭിച്ച പ്രതികരണങ്ങൾ. അതിനു ചാലകശക്തിയായി പ്രവർത്തിക്കുന്നത് പ്രവാസി സഹോദരങ്ങളാണ്. സ്വന്തം നാടിനോടുള്ള സ്‌നേഹ വായ്പും നാടിനുവേണ്ടി പ്രവർത്തിക്കാനുള്ള അവരുടെ സന്നദ്ധതയും വിലമതിക്കാനാവാത്തതാണ്. അവരെ ഒരിക്കൽ കൂടി സ്‌നേഹപൂർവം അഭിവാദ്യം ചെയ്യുന്നുവെന്നും’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: കേരളത്തിന്റെ ടൂറിസം അംബാസിഡർമാരായി പ്രവാസികൾ മാറണം: മന്ത്രി പിഎ മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button