മുംബൈ: പ്രശസ്ത പിന്നണി ഗായിക ലതാ മങ്കേഷ്‌കർ വിടപറഞ്ഞു. കോവിഡാനന്തര പ്രശ്നങ്ങളെ തുടർന്ന് ആരോഗ്യസ്ഥിതി വീണ്ടും വഷളായിരുന്നു. ഒരു മാസമായി, മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ലതാ മങ്കേഷ്‌കർ. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ വെച്ച് ലതാ മങ്കേഷ്കർക്ക് ന്യൂമോണിയയും പിടിപ്പെട്ടിരുന്നു. 92 വയസായിരുന്നു.
കഴിഞ്ഞ ആഴ്ചയിൽ, ഗായിക കൊറോണയിൽ നിന്നും മുക്തയായെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചിരുന്നു. തുടര്‍ന്നും ഐസിയുവില്‍ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു അവർ. പിന്നീടാണ്, ലതാ മങ്കേഷ്കറുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ ഗായികയുടെ വേർപാടിൽ വേദനകൾ അറിയിച്ച് രംഗത്ത് വരികയാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായ മങ്കേഷ്‌കർ വിവിധ ഭാഷകളിലായി 30,000 ലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.1942-ൽ, തന്റെ പതിമൂന്നാം വയസിലാണ് മങ്കേഷ്‌കർ സംഗീതലോകത്തേക്ക് വരുന്നത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയ ആളാണ്.
Post Your Comments