തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ എന്താണ് അധികാരമുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ചോദ്യത്തിന് മറുപടിയുമായി കെടി ജലീല്‍. മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ചാരിറ്റി ചടങ്ങുകള്‍ക്കും യുഎഇ നാഷണല്‍ ഡേ ചടങ്ങുകള്‍ക്കുമാണ് താന്‍ കോണ്‍സുലേറ്റില്‍ പോയതെന്ന് ജലീല്‍ വ്യക്തമാക്കി.
വിദേശ നയതന്ത്ര പ്രതിനിധികളോട് നയതന്ത്ര കാര്യങ്ങള്‍ സംസാരിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങേണ്ടതെന്നും അല്ലാതെ കണ്ടാല്‍ മിണ്ടാനോ നയതന്ത്രപരമായതല്ലാത്ത കാര്യങ്ങള്‍ സംസാരിക്കാനോ ഏതൊരു പൗരനും അവകാശമുണ്ടെന്നും സുരേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയായി ജലീല്‍ പറഞ്ഞു.
‘മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ചാരിറ്റിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കും യുഎഇ നേഷണല്‍ ഡേ ചടങ്ങുകള്‍ക്കുമാണ് കോണ്‍സുലേറ്റില്‍ പോയത്. അതിന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവായ സുരേന്ദ്രനെ വിളിക്കാന്‍ കഴിയാത്തത് കൊണ്ടാകും അവര്‍ എന്നെ ക്ഷണിച്ചിട്ടുണ്ടാവുക. കോണ്‍സുലര്‍ ജനറല്‍ ‘സലാം’ ചൊല്ലിയാല്‍ മടക്കണമെങ്കില്‍ മോദിജിയുടെ അനുവാദം വാങ്ങണമെന്നാണ് സുരേന്ദ്രന്റെ വാദമെങ്കില്‍ അതിന് മനസ്സില്ല. മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ട് ഒരു ചുക്കും ചെയ്യാന്‍ പറ്റിയിട്ടില്ല. എന്നിട്ടല്ലേ സുരേന്ദ്രന്‍ജീ അങ്ങ്’. ജലീൽ പറഞ്ഞു.
Post Your Comments