ലണ്ടന്‍: പാകിസ്ഥാന്‍-ബ്രിട്ടീഷ് പൗരന്‍ നാസിര്‍ അഹ്മദിന് ലൈംഗിക പീഡനക്കേസില്‍ അഞ്ചര വര്‍ഷം തടവുശിക്ഷ. മുന്‍ ബ്രിട്ടീഷ് ലേബര്‍ പൊളിറ്റീഷ്യന്‍ കൂടിയായ നാസിര്‍ അഹ്മദിനെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് കോടതി ശിക്ഷിച്ചത്. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 1970കളില്‍ ബ്രിട്ടനിലെ റോത്തര്‍ഹാമില്‍ നടന്ന സംഭവത്തിന്മേലാണ് നാസിര്‍ അഹ്മദിന് അഞ്ചര വര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുന്നത്.
ബ്രിട്ടനിലെ ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റം ചെയ്യുന്ന സമയത്ത് പ്രതിക്കും പ്രായപൂര്‍ത്തിയായിരുന്നില്ല. പ്രതി ചെയ്ത കുറ്റം, പീഡനത്തിന് ഇരയാക്കപ്പെട്ട കുട്ടികളുടെ ജീവിതത്തെ വലിയ രീതിയില്‍ മോശമായി ബാധിച്ചു എന്ന് ശിക്ഷ വിധിച്ചുകൊണ്ട് ജസ്റ്റിസ് ലാവെന്‍ഡര്‍ പറഞ്ഞു. 1970കളുടെ തുടക്കസമയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാസിര്‍ അഹ്മദ് രണ്ട് തവണ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കോടതി കണ്ടെത്തിയത്. ഒരു 11 വയസുള്ള ആണ്‍കുട്ടിയെയും ഇതേ സമയത്ത് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്നും കോടതി പറഞ്ഞു.
ജനുവരിയിലായിരുന്നു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയുമായിരുന്നു. 64കാരനായ നാസിര്‍ അഹ്മദ് പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലാണ് ജനിച്ചത്. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ബ്രിട്ടീഷ് നഗരമായ റോത്തര്‍ഹാം കേന്ദ്രീകരിച്ചായിരുന്നു. യു.കെ പാര്‍ലമെന്റിന്റെ സെക്കന്റ് ചേംബര്‍ ആണ് ഹൗസ് ഓഫ് ലോര്‍ഡ്‌സ്.
Post Your Comments