തിരുവനന്തപുരം: കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി ആർ ബിന്ദു അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്ന ലോകായുക്തയുടെ വിധിക്കെതിരെ പരാതിക്കാരനായ കോൺഗ്രസ് എംഎൽഎ രമേശ് ചെന്നിത്തല രംഗത്തെത്തി. ലോകായുക്തയുടെ വിധി യുക്തി ഭദ്രമല്ലെന്നും, മന്ത്രിക്കെതിരെ ഉന്നയിച്ച വാദങ്ങളിൽ താൻ ഉറച്ച് നിൽക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ‘മന്ത്രി സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തി എന്നത് അടക്കമുള്ള എന്റെ വാദങ്ങൾ നൂറ് ശതമാനം വസ്തുതാപരമാണ്. അവ ഇപ്പോഴും പ്രസക്തവുമാണ്. ലോകായുക്തയെ അല്ല, വിധിയെയാണ് വിമർശിക്കുന്നത്. ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത വിധിയാണ് ലോകായുക്തയുടേത്’ അദ്ദേഹം പറഞ്ഞു.
‘വിസിയെ നിയമിക്കേണ്ട സെർച്ച് കമ്മിറ്റിയെ ഗവർണറാണ് നിയമിച്ചത്. സെർച്ച് കമ്മിറ്റി നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകവെയാണ് അത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ഗവർണർക്ക് കത്തെഴുതിയത്. ഇത് നിയമ വിരുദ്ധമാണ്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ശുപാർശ നടത്തിയത്? എനിക്ക് വ്യക്തിപരമായി മന്ത്രിയോട് എതിർപ്പില്ല. എനിക്ക് പ്രതിപക്ഷ നേതാവ് ആകാൻ കഴിയാത്തതിൽ ഇച്ഛാഭംഗം ആണെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയില്ല’ ചെന്നിത്തല കൂട്ടിച്ചേർത്തു.
കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നാണ് ലോകായുക്തയുടെ വിധി. മന്ത്രി നൽകിയത് നിർദ്ദേശം മാത്രമാണെന്നും സർവ്വകലാശാലയ്ക്ക് മന്ത്രി അന്യയല്ലെന്നുമാണ് ലോകായുക്തയുടെ വിധി. ‘ആ നിർദ്ദേശം ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ആകാം. കണ്ണൂർ സർവ്വകലാശാലയുടെ ചട്ടത്തിൽ വിസിയുടെ പ്രായപരിധി നിഷ്കർഷിച്ചിട്ടില്ല. കണ്ണൂർ വിസി നിയമനത്തെ കുറിച്ചുള്ള പരാതി പരിഗണിക്കുന്നില്ല. അത് സംബന്ധിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ആണ്’ ലോകായുക്ത വ്യക്തമാക്കി.
Post Your Comments