കോഴിക്കോട്: കെ.ടി ജലീലിനെതിരെ സിറോ മലബാർ സഭ അൽമായ ഫോറം രംഗത്ത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ കെ.ടി ജലീൽ അപമാനിക്കുന്നത് ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണ് എന്നാണ് അൽമായ ഫോറത്തിന്റെ വിമർശനം. ‘മന്ത്രി സ്ഥാനം കളഞ്ഞതിൻ്റെ പകയാണ് ജലീലിന്. വർഗീയ കാർഡ് ഇറക്കി കളിക്കാനാണ് ജലീലിൻ്റെ ശ്രമം. ഇക്കാര്യത്തിൽ സിപിഎമ്മും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം’ സിറോ മലബാർ സഭ അൽമായ ഫോറം പറഞ്ഞു.
Also read: കഞ്ചാവ് വിൽപന : രണ്ടുകിലോ കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ
ലോകായുക്ത നിയമത്തിന്റെ ഭേദഗതിക്ക് സർക്കാർ ഒരുങ്ങിയതിന് പിന്നാലെയാണ് കെ ടി ജലീൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ജസ്റ്റിസ് സിറിയക് ജോസഫ് അലസ ജീവിത പ്രേമിയാണെന്ന് ആയിരുന്നു ജലീലിന്റെ ഒടുവിലത്തെ പരിഹാസം. കഴിഞ്ഞ ദിവസം സിറിയക് ജോസഫ് വിധി പ്രസ്താവിക്കാത്ത ന്യായാധിപൻ ആണെന്നും കെ.ടി ജലീൽ ഫേസ്‌ബുക്കിൽ എഴുതിയിരുന്നു.
‘കേരള ഹൈക്കോടതിയിലും ദില്ലി കോടതിയിലും ന്യായാധിപൻ ആയിരിക്കെ വിധി പ്രസ്താവിക്കാൻ ജസ്റ്റിസ് മടിച്ചു. സുപ്രീം കോടതിയിൽ മൂന്നര വർഷത്തിനിടെ അദ്ദേഹം പ്രസ്താവിച്ചത് 7 വിധികൾ മാത്രമാണ്. ഒപ്പ് വെച്ച വിധി ന്യായങ്ങൾ തയ്യാറാക്കിയത് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ ആയിരുന്നു’ ജലീൽ കുറിച്ചു. തക്ക പ്രതിഫലം കിട്ടിയാൽ ആർക്ക് വേണ്ടിയും എന്ത് കടുംകൈയും ചെയ്യുന്ന ആളാണ് ജസ്റ്റിസ് സിറിയക് ജോസഫ് എന്നായിരുന്നു ജലീലിന്റെ ആദ്യ ആരോപണം. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്നും രക്ഷപ്പെടുത്താൻ സഹോദര ഭാര്യക്ക് എം ജി സർവ്വകലാശാലയിൽ ജസ്റ്റിസ് വിലപേശി വിസി പദവി വാങ്ങി നൽകിയെന്നും ജലീൽ ആരോപിച്ചിരുന്നു.
Post Your Comments