തൃശ്ശൂർ: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. നാട്ടുകാരുടെ പറമ്പില്‍ പാകിയ മഞ്ഞക്കല്ലില്‍ ഇനി പശുവിനെ കെട്ടാമെന്നും അത് ഇനി പറിച്ചുമാറ്റേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ധനമന്ത്രി കേരളത്തിലെ ജനതയെ അപമാനിച്ചു. കേരളസർക്കാരും ധനമന്ത്രിയും ഇപ്പോഴും പറയുന്നത് കെ റെയിലിന് കേന്ദ്രസർക്കാറിന്റെ അനുമതി ഉണ്ടെന്നാണ്. ഇത് ശുദ്ധമണ്ടത്തരമാണ്. കെ റെയിലിന് തത്വത്തിൽ അനുമതി നൽകിയിട്ടില്ലെന്നും വിദേശ ഫണ്ട് മേടിക്കാൻ അവകാശമില്ലെന്നും കേന്ദ്രസർക്കാരിന്റെ രേഖാമൂലമുള്ള അറിയിപ്പ് വന്ന സാഹചര്യത്തിൽ നാട്ടുകാരുടെ പറമ്പിലിട്ട മഞ്ഞക്കല്ലിൽ ഇനി പശുവിനെ കെട്ടാം’- ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഇത് സിൽവർലൈനല്ല സിപിഎമ്മിന്റെ ഡെഡ്‌ലൈനാണെന്നും അദ്ദേഹം പറഞ്ഞു. 20,000 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ഒരു സ്പീഡ് ട്രെയിനും കൊണ്ടുവരാൻ ബിജെപി കേരള ഘടകം സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രതിരോധത്തെ മറികടക്കാനുളള ത്രാണി കേരളത്തിൽ മാത്രമുള്ള സിപിഎമ്മിന് ഇല്ലന്ന യാഥാർത്ഥ്യം സിപിഎം തിരിച്ചറിയണമെന്നും ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
Post Your Comments