ചെന്നൈ : ഡിഎംകെ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തിയശേഷം ഗുണ്ടകളുടെ ഏറ്റുമുട്ടലുകൾ തുടർക്കഥയാകുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഭാര്യയെ സ്ഥാനാർഥിയാക്കാൻ ശ്രമിച്ച ഡിഎംകെ മടിപ്പാക്കം യൂണിറ്റ് സെക്രട്ടറി സെൽവത്തെ ഒരു സംഘം വെട്ടിക്കൊന്നു. സീറ്റ് തർക്കമാണു കൊലയ്ക്കു പിന്നിലെന്നാണു വിവരം. കഴിഞ്ഞദിവസം തിരുനൽവേലി പാളയംകോട്ടയിൽ ഡിഎംകെ വാർഡ് സെക്രട്ടറി പൊന്നുദാസിനെ വെട്ടിക്കൊന്നത് അമ്മയെ സ്ഥാനാർഥിയാക്കാൻ ശ്രമിച്ചതിൽ എതിർപ്പുണ്ടായിരുന്നവരാണെന്നു കണ്ടെത്തിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഒരാഴ്ചയ്ക്കിടെ 2 ഡിഎംകെ നേതാക്കൾ കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണു തമിഴ്നാട്. മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു നാട്ടുകാർ നോക്കി നിൽക്കെ സെൽവത്തെ തലങ്ങും വിലങ്ങും വെട്ടിവീഴ്ത്തിയത്. അതിനിടെ, പാർട്ടി ചിഹ്നത്തിൽ ജയിച്ച ശേഷം കൂറുമാറിയാൽ വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്ന് അണ്ണാ ഡിഎംകെ നേതാവ് സമുദ്രക്കനി പരസ്യമായി ഭീഷണി മുഴക്കിയതും വിവാദമായി.
Post Your Comments