ദില്ലി: കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ മുഖത്ത് കൈറോയിൽ ഒഴിച്ച്, മൊട്ടയടിച്ച് അയൽക്കാരായ സ്ത്രീകൾ തെരുവിലൂടെ നടത്തിച്ച് മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ‘ പല ഇന്ത്യക്കാരും സ്ത്രീകളെ മനുഷ്യരായി പോലും കണക്കാക്കുന്നില്ല. ഇരുപത് വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സമൂഹത്തിന്റെ വികൃതമുഖം തുറന്നുകാട്ടുന്നു’ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
സംഭവത്തിൽ ഇതുവരെ 8 സ്ത്രീകളെ അടക്കം 11 പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ മുതൽ തന്നെ യുവതി തുടർച്ചയായി വേട്ടയാടപ്പെടുകയായിരുന്നു എന്ന് കഴിഞ്ഞ ദിവസം അവരുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു. അയൽപക്കത്തെ യുവാവിന്റെ പ്രണയാഭ്യർത്ഥന യുവതി നിരസിച്ചതിനെ തുടർന്ന് ഇയാൾ ആത്മഹത്യ ചെയ്തതാണ് പ്രശ്നങ്ങളുടെ ആരംഭം.
ആക്രമിച്ച സ്ത്രീകൂട്ടായ്മയ്ക്ക് നേതൃത്വം വഹിച്ചുകൊണ്ട് ഇയാളുടെ സഹോദരി തന്റെ സഹോദരന്റെ ആത്മഹത്യയിൽ യുവതിയോട് പ്രതികാരം ചെയ്യുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ നടപടി ആവശ്യപ്പെട്ടുകൊണ്ട് പൊലീസിന് കത്ത് അയച്ചതായി ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments