ദുബായ്: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇസ്രായേലും യുഎഇയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ നിരവധി കാര്യങ്ങളും ചർച്ചാ വിഷയമായി. അബുദാബിയിലെ ഖസർ അൽ വതൻ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
സാമ്പത്തികം, വ്യാപാരം, നിക്ഷേപം, വികസനം, സാങ്കേതികവിദ്യ, ആരോഗ്യം, മറ്റ് മേഖലകൾ തുടങ്ങിയവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിക്കുന്നതിന്റെ സാധ്യതകളും ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ കൂടിക്കാഴ്ച്ച സഹായിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. മിഡിൽ ഈസ്റ്റ് മേഖലയിൽ സമാധാനവും സ്ഥിരതയും വികസനവും കൈവരിക്കുന്നതിനു വേണ്ടിയും ജനങ്ങളുടെ പൊതുനന്മയ്ക്കും സമൃദ്ധിക്കും വേണ്ടിയും നടത്തിയ ശ്രമങ്ങളെ കുറിച്ചും ചർച്ച നടന്നു.
Read Also: കോവിഡ് വ്യാപനത്തിനിടയിലും നേട്ടം: എണ്ണയിതര വ്യാപാരത്തിൽ വർധനവുമായി അബുദാബി
Post Your Comments