തിരുവനന്തപുരം: തിരുവനന്തപുരം ഔട്ടര്‍ റിങ്‌റോഡിന് കേന്ദ്ര അംഗീകാരം. ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പദ്ധതി വരുന്നതോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുമെന്നും സ്ഥലമേറ്റെടുക്കലിന്റെ 50 ശതമാനം തുകയും സംസ്ഥാനം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ്‌റോഡിനാണ് കേന്ദ്ര അംഗീകാരം ലഭിച്ചിരിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുവാന്‍ ദേശീയ പാത അതോറിറ്റിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരുന്നതാണ് ഈ നടപടിയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം തുറമുഖം മുതല്‍ കൊല്ലം അതിര്‍ത്തി വരെ 80 കിലോമീറ്ററോളം ദൂരമുള്ള റോഡ് വികസനം തിരുവനന്തപുരം ജില്ലക്കും സംസ്ഥാനത്തിനും ഏറെ ഗുണം ചെയ്യുന്നതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ ദേശീയ പാത അതോറിറ്റിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തി.
ഔട്ടര്‍ റിങ് റോഡിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി നിരന്തരം ആശയവിനിമയം നടത്തി വരുകയായിരുന്നു. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് അനുകൂല തീരുമാനമെടുത്ത കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്കും ഉദ്യോഗസ്ഥര്‍ക്കും, ദേശീയ പാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും മന്ത്രി പി എ മുഹമ്മദ് റിയാസ് നന്ദി അറിയിച്ചു.
Post Your Comments