തിരുവനന്തപുരം: കോഴിക്കോട് ഇരട്ട സ്‌ഫോടന കേസില്‍ തടിയന്റവിടെ നസീറിനെ ഹൈക്കോടതി വെറുതെ വിട്ടതിന് പിന്നാലെ തടിയന്റവിടെ നസീര്‍ എന്ന ഭീകരനെ ന്യായീകരിച്ച് മതമൗലിക വാദികളടക്കം നിരവധി പേരാണ് രംഗത്ത് വന്നത്. കോഴിക്കോട് ഇരട്ട സ്‌ഫോടന കേസില്‍ കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയ തടിയന്റവിട നസീറിനെ നമ്പി നാരായണനോട് പോലും ഉപമിച്ചവരുണ്ട്. എന്നാല്‍, ഒരു കേസിൽ ശിക്ഷലഭിച്ചില്ല എന്നതൊഴിച്ചാൽ തെളിവുകളുള്ളതും തെളിയിക്കപ്പട്ടതുമായ നിരവധി കേസുകളാണ് നസീറിന്റെ പേരില്‍ ഉള്ളത്. ബംഗളൂര്‍ സ്‌ഫോടനം അടക്കമുള്ള നിരവധി ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ കേസുകളാണ് ഇയാളുടെ പേരിൽ ഉള്ളത്.
ഐഎസ്ഐഎസ്, ലക്ഷര്‍ -ഇ- തയിബ റിക്രൂട്ട്മെന്റ് കേസുകള്‍. 2008ലെ ബംഗളുരു സ്‌ഫോടന പരമ്പരാ കേസുകള്‍. തീവ്രവാദസംഘടനാ റിക്രൂട്ട്മെന്റ് കേസുകള്‍. ഇകെ നായനാര്‍ വധശ്രമക്കേസ്. കാച്ചപ്പള്ളി ജൂവലറി കവര്‍ച്ചാ കേസ്. കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്. ഒപ്പം നിരവധി മോഷണ കേസുകൾ എന്നിവ ഉമ്മര്‍ ഹാജി എന്നറിയപ്പെടുന്ന തടിയന്റവിട നസീറിന്റെ പേരിൽ ഉള്ളതായി 2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആന്റി ടെറര്‍ സൈബര്‍ വിങ്ങ് പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നു.
ഇതോടൊപ്പം, ലഷ്‌കര്‍-ഇ-തയിബ എന്നതീവ്രവാദ സംഘടനയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍. ഐഎസ്ഐഎസ് അല്‍ കേരളാ മിലിറ്ററി ബ്രിഗേഡ് കമാന്‍ഡര്‍. ഓള്‍ കേരളാ മിലിറ്ററി ബ്രിഗേഡ് കമാന്‍ഡര്‍ ആയിരുന്ന റഷീദ് അബ്ദുള്ളയുടെ കൂട്ടാളി തുടങ്ങിയവയാണ് നസീറിന്റെ മറ്റ് പ്രവര്‍ത്തന മേഖലകള്‍. കേരളത്തില്‍ നിന്നും മുസ്ലീം യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യുകയും അവരില്‍ ചിലര്‍ കാശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ വെടിയേറ്റ് മരിക്കുകയും ചെയ്ത സംഭവത്തില്‍ എൻഐഎ കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തതാണ്.
പിഡിപി നേതാവ് ആയിരുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ കൂട്ടാളിയായ തടിയന്റെവിട നസീര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് അബ്ദുള്‍ നാസര്‍ മദനി 1989ല്‍ ആരംഭിച്ച ഇസ്ലാമിക് സേവാ സംഘിലൂടെ (ഐഎസ്എസ്) ആണ്. പിന്നീട് സംഘടന നിരോധിക്കപ്പെട്ടതോടെ മദനി ആരംഭിച്ച പിഡിപി യുടെ പ്രവര്‍ത്തകനായി. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയെത്തുടര്‍ന്ന് മദനി അറസ്റ്റിലായതോടെ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തനമാരംഭിച്ച നസീര്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഇകെ നായനാരെ വധിക്കാനുള്ള ഗൂഢാലോചന പുറത്തായതിനെത്തുടര്‍ന്ന് അറസ്റ്റിലായി.
കേസിൽ പുറത്തിറങ്ങിയ തടിയന്റെവിട നസീര്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി 2002 ജൂണ്‍ 20ന് എറണാകുളം കിഴക്കമ്പലത്തെ കാച്ചപ്പള്ളി ജൂവലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് രണ്ടരക്കിലോ സ്വര്‍ണ്ണം മോഷ്ടിച്ച കേസിലും പ്രതിയായി. തടവിലായിരുന്ന മദനിയെ മോചിപ്പിക്കുന്നതിനായി സമര്‍ദ്ദം ചെലുത്തന്നതിലേയ്ക്കായി 2005 സെപ്റ്റംബര്‍ 9ന് തമിഴ്നാട് സര്‍ക്കാരിന്റെ എറണാകുളത്ത് നിന്ന് പുറപ്പെട്ട ഒരുബസ് തട്ടിയെടുത്ത് കളമശ്ശേരിയില്‍ വച്ച് തീവെച്ച് നശിപ്പിച്ച കേസില്‍ പ്രധാന സൂത്രധാരകനും ഒന്നാം പ്രതിയുമായിരുന്നു നസീർ. ഈ കേസില്‍ മദനിയുടെ ഭാര്യ സൂഫിയ മഅദനി കൂട്ടുപ്രതിയായിരുന്നു.
കുടകിൽ തീവ്രവാദ ക്യാമ്പ് നടത്തിയ കേസിലും, കാശ്മീര്‍ തീവ്രാദ റിക്രൂട്ട്മെന്റ് കേസിലും നസീര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തിട്ടുള്ളതാണ്. റഹിം പൂക്കടശ്ശേരി വധശ്രമം, തയ്യില്‍ വിനോദ് വധം തുടങ്ങിയ കേസുകള്‍, കള്ളനോട്ട് കേസുകള്‍, പോലീസുകാരെ ആക്രമിച്ച കേസുകള്‍, വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ കേസുകൾ എന്നിങ്ങനെ നിരവധി കേസുകളിൽ തടിയന്റെവിട നസീര്‍ പ്രതിയായിരുന്നു. ലഷ്‌കര്‍ തീവ്രവാദി ഡേവിഡ് ഹെഡ്ലി നല്‍കിയ സൂചനകളെ തുടര്‍ന്ന് 2009 നവംബറില്‍ മേഘാലയ അതിര്‍ത്തിയില്‍ ബംഗ്ലാദേശില്‍ വച്ച് ദേശീയ ഇന്റലിജിൻസ് ഏജൻസി ഇയാളെ പിടിക്കുകയായിരുന്നു.
Post Your Comments